തിരുരങ്ങാടി: 2017- 18 കാലയളവിൽ തിരൂരങ്ങാടി മുൻസിപ്പൽ സെക്രട്ടറിയായിരുന്ന എസ്.ജയകുമാറിനെതിരെ വിജലൻസ് കേസ് രജിസ്റ്റർ ചെയ്തു. പദവി ദുരുപയോഗം ചെയ്ത് അനർഹമായ പ്രതിഫലം കൈപറ്റിയെന്ന് വിജിലൻസ് കണ്ടെത്തി. നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട കൃഷിഭൂമിയിൽ അനധികൃത നിർമാണങ്ങൾക്ക് അനുമതി നൽകിയും,കേരള മുൻസിപ്പൽ ബിൽഡിങ് റൂൾസ് ലംഘിച്ച് കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ അംഗീകാരം നൽകിയും സർക്കാർ ഭൂമി കയ്യേറിയുള്ള നിർമാണങ്ങൾക്ക് ഒത്താശ ചെയ്തും നിയമലംഘകർക്ക് നേട്ടമുണ്ടാക്കാൻ അവസരം നൽകിയെന്നാണ് കേസ്. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ കോഴിക്കോട് വിജിലൻസ് കോടതിയിൽ നൽകിയ കേസിനെ തുടർന്നാണ് നടപടി.
ഇദ്ദേഹം സെക്രട്ടറിയായിരിക്കെ ചെമ്മാട് മാനീപാടത്ത് അനധികൃതമായി നിർമിച്ച ഓഡിറ്റോറിയത്തിന് കെട്ടിട നിർമാണ ലംഘനങ്ങൾ നിലനിൽക്കെ അംഗീകാരം നൽകിയതും,പന്താരങ്ങാടി ആണിത്തറയിൽ സർക്കാർ ഭൂമി കയ്യേറി നടത്തിയ നിർമാണങ്ങൾക്ക് അനുമതി നൽകുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.ഇത്തരത്തിൽ ഒട്ടേറെ അനുമതികളാണ് ജയകുമാർ ഇക്കാലയളവിൽ നൽകിയിട്ടുള്ളത്. ഇതിനെതിരെ യുവജന സംഘടനകൾ രംഗത്ത് വരികയും,എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലെ വിവിധ പ്രദേശങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമികളിലെ അനധികൃത നികത്തലിനെതിരെ റവന്യു അധികാരികളുടെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ അത്തരം വയലുകളിൽ പോലും യഥേഷ്ടം കെട്ടിട നിർമാണാനുമതികൾ നൽകിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇദ്ദേഹത്തെ ഇടുക്കി കട്ടപ്പന നഗരസഭയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.