തവനൂർ: തവനൂർ ഗവ. കോളേജ് വാടകക്കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.സൗജന്യമായി സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് അയങ്കലത്തെ വാടകക്കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.നിലവിൽ അന്ത്യാളംകുടത്തുള്ള പഞ്ചായത്ത് ക്യൂണിറ്റിഹാൾ കെട്ടിടത്തിലും സമീപത്തെ ഗവർമെന്റ് എൽ.പി സ്കൂൾ കെട്ടിടത്തിലുമായാണ് കോളേജ് പ്രവർത്തിക്കുന്നത്. മണ്ഡലത്തിലേക്ക് പുതിയതായി അനുവദിച്ചു കിട്ടിയ കോളേജ് 2014 മുതലാണ് ഇവിടെ പ്രവർത്തിക്കാൻ തുടങ്ങിയത്.കോളേജിനായി മറവഞ്ചേരിയിലെ നിള ട്രസ്റ്റ് അഞ്ചേക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയിരുന്നു.
ഈ സ്ഥലത്ത് കോളേജിന് കെട്ടിടം നിർമിക്കാനുള്ള കരാർ നടപടികൾ ഇതിനോടകംപൂർത്തിയായിട്ടുണ്ട്. 10 കോടി രൂപയോളം ചെലവിട്ടാണ് കെട്ടിടം നിർമിക്കുക. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.കോളേജിന്റെ സ്ഥലത്ത് താത്കാലിക കെട്ടിടം നിർമിക്കാതെ സ്വകാര്യകെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവർത്തനം മാറ്റുന്നതിനെതിരേയാണ് പ്രതിഷേധമുള്ളത്.
എന്നാൽ, ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. രണ്ടുവർഷത്തെ കാലാവധിയ്ക്കാണ് നിലവിലെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിന് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങിയതെന്നും സമയപരിധി കഴിഞ്ഞിട്ടും കോളേജ് പ്രവർത്തിച്ചെന്നും ഇത് തുടരാനാവില്ലെന്നുള്ളതിനാലാണ് പ്രവർത്തനം മാറ്റേണ്ടിവന്നതെന്നുമാണ് അധികൃതർ പറയുന്നത്. ഇതിനിടെ, സ്കൂൾ കെട്ടിടത്തിൽനിന്ന് കോളേജിന്റെ പ്രവർത്തനം മാറ്റണമെന്ന ആവശ്യവും ശക്തമായി.
സ്കൂളിൽ കുട്ടികൾ കൂടിയതോടെ സ്ഥലപരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.ടി.എ. വിദ്യാഭ്യാസവകുപ്പ് അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോളേജിന്റെ കെട്ടിടം പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വാടക നൽകി മറ്റൊരിടത്തേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്. മൂന്ന് കോഴ്സുകളിലായി 385 കുട്ടികളാണ് ഇപ്പോൾ കോളേജിൽ പഠിക്കുന്നത്.