പെരിന്തൽമണ്ണ: വീണ്ടും അധികാരത്തിൽ വന്ന ബിജെപി സർക്കാർ രാജ്യത്തിന് ആപത്താണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമൻ. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെയാണ് മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു. ഏലംകുളം മുതുകുർശിയിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച രമേശ് മാസ്റ്റർ അനുസ്മരണവും പരീക്ഷാ വിജയികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ചുവർഷം മോദി സർക്കാർ തൊഴിൽ, സാമ്പത്തിക മേഖലകൾ തകർത്തുവെന്നും മന്ത്രി തിലോത്തമൻ കുറ്റപ്പെടുത്തി സാമൂഹിക തിന്മകൾക്കെതിരെ വിദ്യാർത്ഥികൾക്ക് കടമകൾ നിർവഹിക്കാനാവണം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ പുനഃസംവിധാന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സർക്കാർ വിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കളെയും കുട്ടികളെയും കൂടുതൽ ആകർഷിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 33 വിദ്യാർത്ഥികൾക്ക് മന്ത്രി തിലോത്തമൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. നൂറു വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എംഎ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സജീവ്,വാസുദേവൻ പുലാമന്തോൾ സംസാരിച്ചു.