പൊന്നാനി:പൊന്നാനിയിൽ ഐസ് പ്ലാന്റിൽ നിന്ന് അമോണിയ വാതകം ചോർന്നു. ഇന്നലെ പുലർച്ച രണ്ടരയോടെയാണ് ഹാർബറിനു സമീപത്തെ ഐസ് പ്ലാന്റിൽ അമോണിയ വാതകം ചോർന്നത്. പൊന്നാനിയിൽ സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റിഫായത്ത് ഐസ് പ്ലാന്റിലാണ് അമോണിയം ചോർച്ച ഉണ്ടായത്.പ്രദേശവാസികൾക്കും ജീവനക്കാർക്കും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആണ് ചോർച്ച അറിഞ്ഞത്.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ ചോർച്ച അടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടി. നാല് പേരാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. പൊന്നാനി ഫയർഫോഴ്സിലെ ഫയർമാൻമാരായ എസ്.സുനിൽ ശങ്കർ (31), മുഹമ്മദ്ഷഫീഖ് (29), സി.സാബു (42), അനീഷ് (30) എന്നിവരാണ് പൊന്നാനി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രി വിട്ടു. സംഭവമറിഞ്ഞ് പൊന്നാനിയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചോർച്ച താൽക്കാലികമായി അടച്ച് ജനങ്ങളുടെ ഭീതി അകറ്റുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനം ശനിയാഴ്ച്ച രാവിലെ ആറു മണിയോടെയാണ് പൂർത്തിയായത്. പ്ലാന്റിൽ അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. ടെക്നീഷ്യന്റെ സഹായത്തോടെയാണ് ചോർച്ച പരിഹരിച്ചത്.
പ്ലാന്റിന്റെ തണുപ്പ് നിലച്ച് അമോണിയം പുറത്തേക്കു വരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.ദ്രവീകൃത രൂപത്തിലുള്ള 12.5 ടൺ അമോണിയം ആണ് ഇവിടെ ഉണ്ടായിരുന്നത്. അമോണിയം പുറത്തേക്കു വന്നതോടെ ജീവനക്കാർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.