പെരിന്തൽമണ്ണ: നഗരസഭയിലെ സുപ്രധാന ബൈപാസായ മാനത്തുമംഗലം പൊന്യാകുർശി ബൈപ്പാസ് പൂർണ്ണമായും വൈദ്യുതി ലൈൻ സ്ഥാപിച്ച് തെരുവ് വിളക്കുകൾ സ്ഥാപിച്ചു. നഗരസഭയുടെ രജതജൂബിലി പദ്ധതിയിൽ ഉൾപ്പെട്ട സമഗ്ര തെരുവ് വിളക്ക്പദ്ധതിയുടെ ഭാഗമായാണ് ബൈപ്പാസ് വൈദ്യുതീകരിച്ചത്. ഒന്നാംഘട്ടമായി വാർഡുകളിൽ 360 ഓളം പോസ്റ്റുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു. രണ്ടാംഘട്ടമായി പട്ടണത്തിലെ നാല് പ്രധാന റോഡുകളിലെ 260 ഓളം പോസ്റ്റുകളിൽ പഴയ സോഡിയം വേപ്പർ, സി.എഫ്.എൽ ലാബുകൾ മാറ്റി പൂർണ്ണമായും എൽ.ഇ.ഡി ലൈറ്റുകളിട്ടു. മൂന്നാംഘട്ടത്തിൽ ഹൈടെക് ഷോപ്പിങ് കോംപ്ലക്സിലും കോഴിക്കോട് റോഡിലും കൂടുതൽ വെളിച്ചത്തിനായി അലങ്കാര വിളക്കുകൾ സ്ഥാപിച്ചു.
ഇപ്പോൾ നാലാം ഘട്ടമായി ബൈപ്പാസ് പൂർണമായും വൈദ്യുതീകരിച്ച് തെരുവ് വിളക്കുകൾ സ്ഥാപിച്ചു. അഞ്ചാം ഘട്ടത്തിൽ പട്ടണത്തിലെ പ്രധാന റോഡുകളിൽ 500 മീറ്റർ പരിധിയിൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കുകയും, നഗരസഭയിൽ തെരുവ് വിളക്കുകൾ ഇല്ലാത്ത നൂറ്റിമുപ്പതോളം പോസ്റ്റുകളിൽ കൂടി സ്ഥാപിക്കുകയും ചെയ്യുന്നതോടെ പദ്ധതി പൂർത്തീകരിക്കും.ഇതുവരെ നടന്ന സമഗ്ര തെരുവ് വിളക്ക് പദ്ധതിയുടെയും ബൈപ്പാസ് വൈദ്യുതീകരണത്തിന്റെയും ഉദ്ഘാടനം ബൈപ്പാസിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം നിർവഹിച്ചു. വൈസ് ചെയർമാൻ നിഷി അനിൽ രാജ് അധ്യക്ഷയായി. പി.ടി ശോഭന, കെ.സി മൊയ്തീൻകുട്ടി, കാരയിൽ സുന്ദരൻ, ഹുസൈൻ നാസർ, അലീന മറിയം എന്നിവർ സംസാരിച്ചു.