ഒരുമാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുകയാണ്. വ്രതക്കാലത്ത് ദൈവിക വിചാരങ്ങളിൽ സർവവും സമർപ്പിച്ചു, സ്രഷ്ടാവ് അരുളിയ പ്രകാരം ജീവിതം ക്രമീകരിക്കുകയായിരുന്നു മുസ്ളിങ്ങൾ. കേവല ഭക്ഷണ നിരാസം മാത്രമായിരുന്നില്ല അത്. ഹൃദയ ശുദ്ധീകരണമാണ് വ്രതാനുഷ്ടാനത്തിന്റെ കാതൽ. എല്ലാ തെറ്റുകളിൽ നിന്നും വിമോചനം തേടി, പ്രാർത്ഥനകളിൽ ആശകളും പ്രതീക്ഷകളും നാഥനോട് പങ്കുവെച്ച്, സവിശേഷമായി നിർദ്ദേശിക്കപ്പെട്ട ആരാധനകളും നന്മകളും നിർവഹിച്ച് സമ്പൂർണ സമർപ്പണം സാദ്ധ്യമാക്കുകയായിരുന്നു റംസാനിൽ. അതിനാൽ, വിശുദ്ധീകരണം പൂർത്തിയായ പുതിയ ഹൃദയവും, നവോന്മേഷമുള്ള ശരീരവുമായാണ് വിശ്വാസികൾ പെരുന്നാളിലേക്കു പ്രവേശിക്കുന്നത്.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലത്ത് മിക്കപ്പോഴും വീട്ടിൽ ഒരുനേരം മാത്രമാവും ഭക്ഷണമുണ്ടാവുക. അന്നും പെരുന്നാൾദിനം വയറുനിറയെ ഭക്ഷണം കഴിച്ച് സന്തോഷകരമായി കഴിയാനുള്ള സാഹചര്യം ഉണ്ടാക്കുമായിരുന്നു മാതാപിതാക്കൾ. നാട്ടിലെ സമ്പന്നരിൽ പലരും പാവങ്ങൾക്ക് അരിയും സാധനങ്ങളും നൽകും. ഫിത്ര് സകാത്ത് വലിയ ആശ്വാസമായിരുന്നു. വർഷത്തിൽ ആ പെരുന്നാളിന് ഒരിക്കൽ മാത്രമായിരുന്നു പുതുവസ്ത്രം എടുക്കുന്നത്. അത് ധരിച്ച് പള്ളിയിൽ പോവുമ്പോൾ ഉള്ള സന്തോഷം മറക്കാനാവാത്തതായിരുന്നു.
ഇന്ന് സാമൂഹികാവസ്ഥ മാറി. പെരുന്നാളിന് ഓരോ വീട്ടിലും വൈവിദ്ധ്യമാർന്ന ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്നുണ്ട്. മിക്കവർക്കും ഒന്നോ രണ്ടോ ജോഡി വസ്ത്രമെടുക്കാൻ കഴിയും . പക്ഷേ, അപ്പോഴും നമ്മുടെ സമൂഹത്തിൽ അല്ലലോടെ ജീവിക്കുന്നവരുണ്ട്. പ്രയാസങ്ങൾക്ക് മദ്ധ്യേപെരുന്നാളിന് പൊലിമ കൂട്ടാൻ പരിശ്രമിക്കുന്ന വിശ്വാസികളുണ്ട്. അവരെ കണ്ടെത്തി, ഭക്ഷണവും വസ്ത്രവും നൽകാൻ, ആശ്വാസം പകരാൻ വിശ്വാസികൾ ഊർജ്ജസ്വലത കാണിക്കണം.
വിശ്വാസിയുടെ ആഘോഷം അല്ലാഹുവിനു തൃപ്തികരമാകുന്നത് നാഥൻ കൽപ്പിച്ച തരത്തിൽ ആഘോഷിക്കുമ്പോഴാണ്. ഹറാമുകളിൽ നിന്നകന്ന്, സുകൃതങ്ങൾ ചെയ്യാൻ സമയവും സന്ദർഭവും കണ്ടെത്തി യഥാർത്ഥ മുഅ്മിനിന്റെ എല്ലാ ലേഖനങ്ങളും പ്രതിഫലിക്കുന്ന വിധത്തിലാകണം ആഘോഷം.
പെരുന്നാൾ പ്രഖ്യാപിച്ചാൽ പിന്നെ എങ്ങുമുയരുന്ന മന്ത്രം അല്ലാഹു അക്ബറിൽ നിന്ന് തുടങ്ങി വലില്ലാഹു ഹംദുവിൽ അവസാനിക്കുന്നതാണ്. അള്ളാഹു വലിയവനാണ്, അവനാണ് സർവവസ്തുതിയും എന്നുച്ചരിക്കുന്ന ഒരു വിശ്വാസിയുടെ നാവിൽ അന്ന് മോശപ്പെട്ട വാചകങ്ങൾ ഉണ്ടാകുന്നത് എത്രമാത്രം നന്ദികേടാണ്. റംസാൻ യഥാർത്ഥത്തിൽ ജീവിതത്തെ ആത്മീയമായി പരിശീലിപ്പിക്കാനുള്ള ഘട്ടം കൂടിയാണ്. ആ ആത്മീയ പരിശീലനം ഫലവത്താകണമെങ്കിൽ പിന്നീടുള്ള ജീവിതത്തിൽ അതിന്റെ മൂല്യങ്ങൾ നിലനിറുത്താനാവണം.
പെരുന്നാളിന് ഒട്ടനേകം സുന്നത്തായ കർമ്മങ്ങൾ ചെയ്യാനുണ്ട്. പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന ദിനമാണന്ന്. അതിനാൽ, പള്ളിയിൽ വെച്ച് പ്രഭാതത്തിൽ ഒറ്റയ്‌ക്കും കൂട്ടമായും വിശ്വാസികൾ ദുആ ചെയ്യണം. നമ്മിൽ നിന്ന് വിടപറഞ്ഞവരുടെ ഖബറുകൾ സിയാറത്ത് ചെയ്യണം. അവരുടെ മണ്ണിനടിയിൽ ജീവിതം സന്തോഷകരമാവാൻ ആ പ്രാർത്ഥനകൾ സഹായിക്കും. പരസ്പരം സ്‌നേഹാഭിവാദ്യങ്ങൾ ചെയ്യണം. വിശ്വാസിയുടെ മനസിൽ ആരോടും വെറുപ്പുണ്ടാവരുത്. മറ്റുള്ളവരോട് വിരോധം ഇല്ലാത്തവരുടെ മനസ് പ്രസന്നമായിരിക്കും. നമ്മോടു മുഖം തിരിക്കുന്നവരുടെ സമീപനം മാറ്റാൻ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും കഴിയും.
കുടുംബവീടുകളും അയൽപ്പക്കങ്ങളും സന്ദർശിക്കണം. സന്തോഷം പങ്കിടണം. രോഗികളെ സമാശ്വസിപ്പിക്കണം. അവർക്കായി ദുആ ചെയ്തുകൊടുക്കണം.
വിശ്വാസികൾ ഫിത്ർ സകാത്ത് നൽകണം. പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാവരുത് എന്നതിന്റെ സൂചനയാണല്ലോ അത്. അനാഥർക്കും അഗതികൾക്കും സാന്ത്വനമാകണം. അല്ലാഹു നമുക്ക് തന്ന അനുഗ്രഹത്തിൽ നിന്ന് ഒരു ഭാഗം മറ്റൊരാൾക്ക് നൽകുക. അവർ ആ സന്തോഷത്തിൽ ഹൃദയത്തിൽ തട്ടി നടത്തുന്ന പ്രാർത്ഥനയ്ക്ക് വലിയ ഫലം ലഭിക്കും.
നമ്മുടെ നാടിന്റെ സ്‌നേഹവും മതമൈത്രിയും എല്ലാം പെരുന്നാളിന് പൊലിമയോടെ പ്രകടമാവണം. പരസ്പര സഹവർത്തിത്വത്തിന്റെ ജീവിതത്തിന് എപ്പോഴും സന്തോഷം പകരാൻ സാധിക്കും. പെരുന്നാൾ ആശംസകൾ...
( ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ജാമിഅ മർകസ് ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)