മലപ്പുറം: ആദ്യക്ഷരം നുകരാനായി ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിൽ ഇതുവരെ പ്രവേശനം നേടിയത് 42,868 കുരുന്നുകൾ. കഴിഞ്ഞ വർഷം 54,000 വിദ്യാർത്ഥികളാണ് ഒന്നാംക്ലാസിലെത്തിയത്. ഇത്തവണ ഇതും മറികടക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ. ആറാം പ്രവൃത്തി ദിനത്തിന് ശേഷമേ കുട്ടികളുടെ വ്യക്തമായ കണക്ക് ലഭിക്കൂ. വിദ്യാർത്ഥികളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകളിലെല്ലാം വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ജില്ലാതല പ്രവേശനോത്സവം എടക്കര ജി.എച്ച്.എസ്.എസിൽ പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മികവിന്റെ പ്രദർശനം ഒരുക്കും. അടുത്ത അദ്ധ്യയന വർഷത്തെ വിവിധ പരിപാടികളുടെ ഉദ്ഘാടനവും നടക്കും. പ്രൈമറി മുതൽ എച്ച്.എസ് വരെ മുഴുവൻ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക കത്ത് 7,57,251 എണ്ണം ജില്ലയിൽ വിതരണം ചെയ്യും. ആദ്യദിനം ഉച്ചയ്ക്ക് ശേഷം ക്ലാസ് അവസാനിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ് നടത്തുന്ന രീതി ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ആദ്യദിവസം വൈകിട്ട് വരെ ക്ളാസുണ്ടാവും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഭൂരിഭാഗവും വിതരണം നടത്തി. മൊത്തം 55,35,110 പുസ്തകങ്ങൾ ആവശ്യമുള്ളതിൽ 1.46 ലക്ഷം പുസ്തകങ്ങളുടെ വിതരണമേ ശേഷിക്കുന്നുള്ളൂ. ഇവ പുതിയ അദ്ധ്യയന വർഷം തുടങ്ങുംമുമ്പേ വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നത് 80 ശതമാനം പൂർത്തിയായിട്ടുണ്ട്.
മുഖം മിനുക്കി സർക്കാർ വിദ്യാലയങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇതിനകം വിവിധ പരിപാടികൾ നടത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മതിയായ എണ്ണം വിദ്യാർത്ഥികളില്ലാത്ത 23 സ്കൂളുകളിൽ 100ൽ കൂടുതൽ വിദ്യാർത്ഥികളെ ചേർക്കാനായി.
6,100 ക്ലാസ് മുറികൾ ജില്ലയിൽ ഹൈടെക്കാക്കി. പ്രൈമറി വിദ്യാലയങ്ങളിൽ ഇത് ജൂലൈയിൽ പൂർത്തിയാവും.
പ്രൈമറിയിലെ 12,911ഉം സെക്കൻഡറിയിലെ 3,012ഉം ഹയർസെക്കൻഡറിയിലെ 2,260 ഉം അദ്ധ്യാപകർക്ക് ഐ.ടി പരിശീലനമേകിയിട്ടുണ്ട്. ഹൈടെക്ക് ക്ലാസ് മുറിയിലെ സംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ പര്യാപ്തമാക്കാൻ ലക്ഷ്യമിട്ടാണിത്.
വിദ്യാർത്ഥികളെ വരവേൽക്കാനായി മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൂടുതൽപേർ സർക്കാർ വിദ്യാലയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡി.ഡി.ഇ, പി. കൃഷ്ണൻ
54,000വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം ഒന്നാംക്ളാസിലെത്തിയത്