മലപ്പുറം: തെരുവ്നായ്ക്കളെ വന്ധ്യംകരിക്കാൻ കുടുംബശ്രീയും. തെരുവ്നായ നിയന്ത്രണത്തിനായി മൃഗസരംക്ഷണ വകുപ്പ് നടപ്പാക്കുന്ന എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതിയാണ് കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
പദ്ധതിക്കായി ജില്ലയിലെ വിവിധ മേഖലകളിലെ മൃഗാശുപത്രികളിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ ജില്ലാ കളക്ടർ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എ.ബി.സി സമിതി യോഗത്തിൽ തീരുമാനമായി.
ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ളവ ആശുപത്രികളിൽ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ പദ്ധതിയുടെ നോഡൽ ഓഫീസർ കൂടിയായ മൃഗസരംക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ അയൂബിനെ ചുമതലപ്പെടുത്തി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്രി അദ്ധ്യക്ഷൻ ഉമ്മർ അറയ്ക്കൽ, പ്ലാനിംഗ് ഓഫീസർ വി. ജയകുമാർ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. സി. മധു എന്നിവർ പങ്കെടുത്തു.
ടീം മാറുന്നു
തെരുവ്നായ്കളെ വന്ധ്യംകരിക്കുന്ന പദ്ധതിക്ക് 2017 ജനുവരിയിലാണ് ജില്ലയിൽ തുടക്കമായത്.
ഹ്യൂമൻ സൊസൈറ്റി സംഘത്തിന്റെ കീഴിലായിരുന്നു ജില്ലയിൽ പ്രവർത്തനം നടപ്പാക്കിയത്. മെയ് ഒന്ന് വരെയായിരുന്നു സംഘത്തിന് ചുമതല. ഇക്കാലയളവിൽ 2,608 തെരുവ്നായ്കളെ വന്ധ്യംകരിച്ചിട്ടുണ്ട്.
തെരുവിൽ നിന്നും പിടികൂടുന്ന നായ്കളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിച്ച് പരിചരണത്തിലൂടെ മുറിവുണക്കിയ ശേഷം അടയാളമിട്ട് പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന് വിടുന്നതാണ് പദ്ധതി.