മഞ്ചേരി: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും മഞ്ചേരിയിൽ നിരത്തു വക്കുകളിലെ മാലിന്യ നിക്ഷേപത്തിന് അറുതിയില്ല. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് പരിസരത്തുള്ള മാലിന്യംതള്ളൽ ജനവാസ കേന്ദ്രത്തിൽ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലിനിക്കുകളും പ്രവർത്തിക്കുന്ന മഞ്ചേരിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ പോക്കറ്റ് റോഡിനോടു ചേർന്ന് വൻതോതിലാണ് പ്ലാസ്റ്റിക് അടക്കം ജൈവ, അജൈവ മാലിന്യങ്ങൾ തള്ളുന്നത്. ഭക്ഷ്യാവശിഷ്ടങ്ങളടക്കം നിരത്തു വക്കുകളിൽ നിറയുന്നതിനാൽ തെരുവുനായ ശല്യവും രൂക്ഷമാണ്. ഇക്കാര്യത്തിൽ പരാതി പറഞ്ഞു മടുത്തെന്ന് നാട്ടുകാർ പറയുന്നു.
അപ്രഖ്യാപിതമായി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ഈ റോഡിനടുത്താണ് മഞ്ചേരിയിലെ പ്രമുഖ വിദ്യാലയം പ്രവർത്തിക്കുന്നത്. തെരുവു നായ്ക്കളും കാക്കളുമെല്ലാം മാലിന്യം വിദ്യാലയ പരിസരത്തെത്തിക്കുന്നുണ്ടെന്നും ഇതിനു പരിഹാരം കാണാൻ അദ്ധ്യയന വർഷാരംഭത്തിനു മുമ്പുതന്നെ കർശന നടപടിയുണ്ടാവണമെന്നും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയിൽ പല തവണ പരാതി നൽകിയിട്ടും ഫലമൊന്നുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നിരീക്ഷണ സംവിധാനങ്ങളുടെ പോരായ്മയും ശിക്ഷാ നടപടികളുടെ കുറവും പ്രശ്നത്തിന്റെ തീവ്രത കൂട്ടുന്നു.