kkkkk
രോഗം ഭേദമായ ശേഷം തെന്നല ആരോഗ്യ വകുപ്പ് അധികൃതരുടെ കൂടെ കൊടയ്ക്കലിലെ വീട്ടിൽ തിരിച്ചെത്തിയ ഉബീഷ്. (ഫയൽ ചിത്രം)​

തിരൂരങ്ങാടി: നിപയെ തോല്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഉബീഷിനെ ഇന്നും വേദനിപ്പിക്കുന്നത് കഠിനരോഗത്തിന്റെ പീഡയല്ല; ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന സമൂഹത്തിന്റെ ഒറ്റപ്പെടുത്തലാണ്. "ഇപ്പോൾ പൂർണ ആരോഗ്യവാനായി ജോലി ചെയ്ത് ജീവിക്കുന്നു. പക്ഷേ,​ സാമൂഹ്യബന്ധങ്ങളിൽ വന്ന വിള്ളൽ ഇന്നും പൂർണമായും മാറിയിട്ടില്ല. മാനസികമായി പാടെ തളർത്തുന്നതായിരുന്നു പലരുടെയും പെരുമാറ്റം"- തിരൂരങ്ങാടി തെന്നല കൊടയ്ക്കലിലെ മന്നത്താനത്ത് പടിക്കൽ ഉബീഷ് പറഞ്ഞു. കഴിഞ്ഞ വർഷം ഭാര്യ ഷിജിത നിപ ബാധിച്ച് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഉബീഷിനും രോഗം സ്ഥിരീകരിച്ചത്. അതിന്റെ നീറുന്ന ഓർമ്മകൾ വേട്ടയാടാത്ത ഒരു ദിവസവുമില്ല, ഇപ്പോഴും ഉബീഷിന്.

2018 എപ്രിൽ 23ന് സഹോദരൻ നിഖിലുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ട ഉബീഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപ്പോഴാണ് കൂടെനിന്ന ഭാര്യ ഷിജിതയ്ക്ക് നിപ പിടിപെട്ടത്. ചികിത്സയിലിരിക്കേ മേയ് 20ന് മരിച്ചു. തുടർന്ന് കുടുംബം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായി. വീട്ടിലേക്ക് വരുന്നവർക്ക് കർശന നിയന്ത്രണം. വീട്ടുകാരുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധിച്ചു. പരിശോധനയിൽ ഉബീഷിനും നിപ സ്ഥിരീകരിച്ചു. പിന്നീട് ദിവസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ. ജൂൺ 14ന്‌ രോഗം മാറി ഉബീഷ് വീട്ടിലെത്തി. എന്നിട്ടും പുറത്തിറങ്ങാനാവാതെ രണ്ടു മാസം കൂടി. അതിനുശേഷവും സമൂഹത്തിന്റെ സംശയമുനയും ഒറ്റപ്പെടുത്തലും വേട്ടയാടിക്കൊണ്ടിരുന്നു.

സ്വകാര്യബാങ്കിന്റെ കോട്ടയ്ക്കൽ ശാഖയിൽ ജോലി ചെയ്യുകയാണ് ഉബീഷ്. 2017 എപ്രിൽ 15നായിരുന്നു ഷിജിതയുടെയും ഉബീഷിന്റെയും വിവാഹം. ഡോക്ടർ ആവശ്യപ്പെടുന്നതിനനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോഴും പരിശോധനയ്ക്ക് ചെല്ലാറുണ്ട്.

നിപ വീണ്ടും വരുമ്പോൾ ഉബീഷിന് അധികൃതരോട് പറയാനുള്ളത് ഇതാണ്:

"നിപ ബാധിച്ച ഷിജിതയുടെയും എന്റെയും പേരുവിവരങ്ങൾ പരസ്യമാക്കിയതാണ് സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ഇടയാക്കിയത്. ഇനിയെങ്കിലും ആ തെറ്റ് ആവർത്തിക്കരുത്"