മലപ്പുറം: എറണാകുളം ജില്ലയിൽ നിപ്പ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലില്ലെന്നും മുന്നൊരുക്കങ്ങൾ ഫലപ്രദമാണെന്നും ജില്ലാകളക്ടർ അമിത് മീണ പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. അവധി ദിനമായ ഇന്ന് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ഒ.പി വിഭാഗം തുറന്ന് പ്രവർത്തിക്കും. സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജമാണ്. മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഫീവർ വാർഡുകൾ പ്രത്യേകം സജ്ജീകരിക്കും. ഐസൊലേഷൻ വാർഡുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യകേന്ദ്രങ്ങളിൽ ചുമയുമായി എത്തുന്നവർക്ക് മാസ്‌ക്ക് വിതരണം ചെയ്യും. കഫ് കോർണർ സജ്ജീകരിക്കും. പനി കൂടുതലാണെങ്കിൽ പ്രത്യേകം പനി വാർഡുകൾ സജ്ജമാക്കും. എല്ലാ ആശുപത്രികളിലും എ.ബി.സി ഗൈഡ്‌ലൈൻ പതിക്കും. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഡി.എം.ഒ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വവ്വാൽ ഭക്ഷിച്ച് ഉപേക്ഷിച്ച പേരയ്ക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ ഒരു കാരണവശാലും കഴിക്കരുത്. പനി, തലവേദന, പേശിവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ നിർബന്ധമായും പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണം. ജാഗ്രത വേണം കേരളത്തിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ഛർദ്ദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ തുടങ്ങിയവ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. കൊതുക്, ഈച്ച എന്നിവയ്ക്ക് നിപ്പ പടർത്താനാവില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പർക്കം മൂലം എളുപ്പത്തിൽ രോഗം പകരാൻ സാദ്ധ്യതയുണ്ട്. നിപ്പ വൈറസ് വാഹകരായ വവ്വാലുകൾ, പന്നികൾ, രോഗബാധിതരായ മനുഷ്യർ എന്നിവ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പർക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങളിലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയും രോഗമുണ്ടാവും. ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ പാലിക്കണം ആശുപത്രികൾ ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. നിപ്പ വൈറസ് ബാധ സംശയിക്കുന്ന കേസുകൾ സംബന്ധിച്ച് പൂർണ്ണവിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകർച്ചവ്യാധി ചികിത്സയ്ക്ക് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. പനിയുമായി വരുന്ന രോഗികൾ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കണം. ശ്രദ്ധിക്കുക വ്യക്തിസുരക്ഷ നടപടികൾ പുലർത്തുക. ഇതിനായി മാസ്‌ക്ക്, ഗ്ലൗസ് (കൈയുറകൾ), ഗൗൺ, ചെരിപ്പ് എന്നിവ ധരിക്കണം. ഇതിനായി പ്രത്യേക തരം എൻ 95 മാസ്‌ക്കുകൾ ലഭ്യമാണ്. രോഗിയുമായോ വിസർജ്ജ്യങ്ങളുമായോ സമ്പർക്കമുണ്ടായാൽ കൈകൾ 20 സെക്കന്റോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്‌ലോൺ, ക്ലോറോ ഹെക്‌സിഡിൻ തുടങ്ങിയവ ഉപയോഗിക്കാം. ഉപകരണങ്ങൾ 'ഗ്ലുട്ടറാൾഡിഹൈഡ്' ഉപയോഗിച്ച് അണുനാശം വരുത്തണം. കഴിയുന്നതും ഡിസ്‌പോസിബിൾ വസ്തുക്കൾ ഉപയോഗിക്കണം. പരിശോധനയ്ക്കായി രോഗിയുടെ രക്തസാമ്പിളുകൾ ശേഖരിക്കുമ്പോഴും രോഗിയുടെ വിസർജ്ജ്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സാർവത്രിക മുൻകരുതലെടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങൾ മാറി കുളിക്കണം. പനി ലക്ഷണമുണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടുക. കൺട്രോൾ റൂം തുറന്നു നിപ്പയെക്കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിക്കാനും ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂം തുറന്നു. 0483- 2737857, 9544060973.