നിലമ്പൂർ : രണ്ടുവയസായ കുഞ്ഞിന്റെ കൺ മുന്നിൽ വച്ച് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ജൗഹീറുൽ ഇസ്ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. 60 ശതമാനം പൊള്ളലേറ്റ കൊൽക്കത്ത സ്വദേശിയായ ഭാര്യ മുഹസിമ ഹാത്തൂണിനെ (21) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് വർഷം മുമ്പ് പ്രേമിച്ച് വിവാഹിതരായവരാണ് ഇരുവരും.
രണ്ടു വയസായ ആൺകുഞ്ഞുമൊത്ത് കരുളായി റോഡിൽ വാടക ക്വാർട്ടേഴ്‌സിലാണ് താമസം.
ബുധനാഴ്ച വൈകിട്ട് 4.30നാണ് സംഭവം.
പെരുന്നാളായിട്ടും വീട്ടിൽ പട്ടിണിയായിരുന്നു. നാലിന് വെറുംകൈയോടെ ജൗഹീറുൽ എത്തി. തുടർന്ന് കലഹമുണ്ടാവുകയും വീട്ടിൽ കൊണ്ടുചെന്നാക്കാൻ മുഹസിമ ആവശ്യപ്പെടുകയും ചെയ്തു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുൽ ചോദിച്ചെങ്കിലും നൽകിയില്ല. പ്രകോപിതനായ ജൗഹീറുൽ വീട്ടിലുണ്ടായിരുന്ന ഡീസൽ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തി. മരണവെപ്രാളവുമായി പുറത്തേക്കോടിയ മുഹസിമയെ അയൽവാസികൾ ആശുപത്രിയിലെത്തിച്ചു. നാട്ടുകാർ തടഞ്ഞുവച്ച ജൗഹീറുലിനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. നിസാര പരിക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. കുഞ്ഞിനെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി.