പൊന്നാനി: മാനവിക ഐക്യത്തിന്റെ സന്ദേശം വിളിച്ചോതി പൊന്നാനി ഫിഷിംഗ് ഹാർബറിൽ നടന്ന സംയുക്ത ഈദ് ഗാഹിലേക്കെത്തിയത് ആയിരങ്ങൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനയ്യായിരത്തോളം പേർ സംയുക്ത ഈദ് ഗാഹിന്റെ ഭാഗമാകാനെത്തി. പ്രമുഖ പ്രഭാഷകനും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റുമായ ഡോ. ജാബിർ അമാനി പെരുന്നാൾ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. ലോകം ആവശ്യപ്പെടുന്ന സമത്വ സന്ദേശത്തിന്റെ പ്രകടിത രൂപങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് ജാബിർ അമാനി ഉദ്ബോധിപ്പിച്ചു. മഞ്ചേരി: മഞ്ചേരി വി.പി ഹാൾ ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനയ്ക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു. സഹനത്തിന്റെയും വിശുദ്ധിയുടെയും ദിനരാത്രങ്ങൾക്ക് വിരാമമിട്ടെത്തിയ ഈദുൽ ഫിത്തർ സമൂഹത്തിൽ വർദ്ധിക്കുന്ന സാമൂഹിക അസമത്വങ്ങൾക്കെതിരെ രംഗത്തിറങ്ങാൻ പ്രേരകമാവണമെന്ന് ടി.കെ അഷ്റഫ് പറഞ്ഞു. വർത്തമാനകാല സമൂഹത്തിൽ നീതിബോധം ദുർബലപ്പെടുന്നതും സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നതും സമൂഹം ഗൗരവമായി കാണണം. ലഹരി മുക്ത സമൂഹസൃഷ്ടിക്ക് വിശ്വാസികൾ രംഗത്തിറങ്ങണം.-അദ്ദേഹം പറഞ്ഞു മഞ്ചേരി: മഞ്ചേരിയിൽ വർഷങ്ങൾക്കു ശേഷം സംയുക്ത ഈദ് ഗാഹ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചുള്ളക്കാട് സ്കൂൾ മൈതാനത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ അയ്യായിരത്തോളം അളുകൾ പങ്കെടുത്തു. റാഫി മൗലവി ഈദ്ഗാഹിന് നേതൃത്വം നൽകി. നാലു പതിറ്റാണ്ടിനു ശേഷമാണ് വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മഞ്ചേരിയിൽ ഈദ് ഗാഹ് നടന്നത്.ചുള്ളക്കാട് സ്കൂൾ മൈതാനത്തു വിശാലമായ സൗകര്യങ്ങളാണ് ഈദ് ഗാഹിനായി സംഘാടകർ ഒരുക്കിയിരുന്നത്. 1970കളുടെ തുടക്കത്തിലാണ് മഞ്ചേരിയിൽ സംയുക്ത ഈദ്ഗാഹ് നടന്നത്. തുടർന്നിങ്ങോട്ട് ഓരോ സംഘടനകളും സ്വന്തം നിലയിൽ വിവിധ സ്ഥലങ്ങളിലായി ഈദ് ഗാഹ് സംഘടിപ്പിക്കുകയായിരുന്നു പതിവ്. സമൂഹത്തിലെ നാനാതുറകളിൽ പെട്ട പ്രമുഖർ പങ്കെടുത്ത സൗഹൃദസംഗമവും നടന്നു. വി.എം സുബൈദ, സി.എസ്.ഐ പള്ളിയിലെ ഫാ. ജയദാസ് മിത്രൻ, അഡ്വ:കേശവൻ,പുതുക്കുടി മുരളീധരൻ,അഡ്വ:തോമസ് ബാബു, അഡ്വ:ടി.പി രാമചന്ദ്രൻ, മുനിസിപ്പൽ കൗൺസിലർ ഉപേന്ദ്രൻ, ഒ.അബ്ലുൾ അലി, പ്രൊഫ. എം.അലവി, സക്കിർ ചമയം തുടങ്ങിയവർ പങ്കെടുത്തു.