rahul-photo

മലപ്പുറം: ഇടിമിന്നലിനൊപ്പം തിമി‌ർത്തുപെയ്ത മഴയെ അവഗണിച്ചായിരുന്നു വയനാട് ലോക്‌സഭ മണ്‌‌ഡലത്തിലെ വോട്ടർമാർക്ക് നന്ദിയർപ്പിച്ചുള്ള മൂന്ന് ദിവസത്തെ പര്യടനത്തിന് നിയുക്ത എം.പിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽഗാന്ധി ഇന്നലെ തുടക്കമിട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽഗാന്ധിയെ കാണാൻ ആയിരക്കണക്കിനാളുകളാണ് കാളികാവ്,​ നിലമ്പൂർ,​ എടവണ്ണ,​ അരീക്കോട് എന്നിവിടങ്ങളിൽ തടിച്ചുകൂടിയത്. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസും എസ്.പി.ജിയും നന്നേ പാടുപെട്ടു.

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ 2.15ഓടെയാണ് രാഹുൽഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,​ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആവേശപൂർണ്ണമായ സ്വീകരണം നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാഹുലിനൊപ്പമുണ്ടായിരുന്നു.

വൈകിട്ട് മൂന്നോടെ ആദ്യസ്വീകരണ കേന്ദ്രമായ കാളികാവിലെത്തുമ്പോൾ മഴ തിമിർത്ത് പെയ്യുകയായിരുന്നു. തുറന്ന വാഹനമുപേക്ഷിച്ച് നേതാക്കൾക്കൊപ്പം മേൽക്കൂരയുള്ള വാഹനത്തിലായി റോഡ് ഷോ. മഴ നനഞ്ഞ് കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ കൈവീശിയും ചിരിതൂകിയും പര്യടനം. വയനാടിനോടുള്ള സ്നേഹവും നന്ദിയും പ്രകടമാക്കിയ ചെറുപ്രസംഗത്തിന് ജനക്കൂട്ടത്തിന്റെ നിറഞ്ഞ കൈയടി. രമേശ് ചെന്നിത്തലയുടെ മൊഴിമാറ്റത്തെ ഹർഷാരവത്തോടെ ജനം വരവേറ്റു. സുരക്ഷ അവഗണിച്ച് പ്രവ‌ർത്തക‌ർക്ക് കൈ നൽകാനും ഷാളുകളേറ്റു വാങ്ങാനും രാഹുൽഗാന്ധി ശ്രമിച്ചു. രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേ ചോക്കാടിൽ വഴിവക്കിലെ ചെറുകടയിൽ നിന്ന് ചായ കുടിച്ച രാഹുൽഗാന്ധി സെൽഫിക്കെത്തിയവരെയും നിരാശരാക്കിയില്ല. മഴ മാറിനിന്ന നിലമ്പൂരിലും എടവണ്ണയിലുമടക്കം റോഡ്ഷോകൾ ജനനിബിഡമായിരുന്നു. ബാൻഡ് മേളവും ആർപ്പുവിളികളുമായി ആഘോഷമാക്കുകയായിരുന്നു പ്രവർത്തകർ. അവസാന സ്വീകരണ കേന്ദ്രമായ അരീക്കോട്ടെത്തിയപ്പോഴേക്കും രാത്രി എട്ടരയായിരുന്നു. റോഡ് മാർഗ്ഗം കൽപ്പറ്റയിലെത്തിയ രാഹുൽ ഗാന്ധിക്ക് റെസ്റ്റ്ഹൗസിലാണ് താമസമൊരുക്കിയത്. ഇന്നുരാവിലെ 10ന് വയനാട് കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റർ സന്ദർ‌ശിക്കും. തുടർന്ന് കൽപ്പറ്റ ടൗൺ,​ കമ്പളക്കാട്,​ പനമരം,​ മാനന്തവാടി,​ പുൽപ്പള്ളി,​ ബത്തേരി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

കേരളത്തിന്റെയും വയനാടിന്റെയും ശബ്ദമാവും: രാഹുൽഗാന്ധി

മലപ്പുറം: പാർലമെന്റിൽ വയനാടിന്റെയും കേരളത്തിന്റെയും ശബ്ദമാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ വോട്ടർമാരേകിയ നിസ്വാർത്ഥ സ്‌നേഹവും വിശ്വാസവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് രാഹുൽ സ്വീകരണയോഗത്തിൽ പറഞ്ഞു. വയനാടുമായുള്ള ഹൃദയബന്ധം എന്നും കാത്തുസൂക്ഷിക്കും. പാർട്ടി പോലും നോക്കാതെ അത്ഭുതാവഹമായ പിന്തുണയാണ് ജനങ്ങളേകിയത്. വയനാടിനെ കാണാൻ ഇനിയും താൻ വരും. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും എപ്പോഴുമുണ്ടാവും. വയനാടിനാവും തന്റെ പ്രഥമ പരിഗണന. താൻ കേരളത്തിന്റെ കൂടി പ്രതിനിധിയാണ്.