cccc

മലപ്പുറം: രാഹുലിനെ കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു ജ്യോതിക്ക്. എന്നാൽ കൂൾബാറിൽ ചായ ഉണ്ടാക്കുന്നയാൾ അവധിയിലായതിനാൽ കടയിൽ പകരം നിൽക്കേണ്ടി വന്നു. വൈകിട്ട് ചായകുടിക്കാൻ കടയിലേക്ക് കയറി വന്ന ആളെക്കണ്ട് ജ്യോതി ശരിക്കും ഞെട്ടി. സാക്ഷാൽ രാഹുൽഗാന്ധി. കാണാനാഗ്രഹിച്ചിരുന്ന ജ്യോതിക്ക് രാഹുൽഗാന്ധിയെ സത്ക്കരിക്കാനും അവസരം കിട്ടി. ചായയും ഉണ്ണിയപ്പവും അരിമുറുക്കും കഴിച്ചപ്പോൾ രാഹുലിന്റെ മുഖത്തും സംതൃപ്തി.

ചോക്കാട്ടെ ജ്യോതിഷ് കൂൾബാർ ഉടമയും മുൻ ചോക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ആനിക്കോട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് ജ്യോതി. ചോക്കാട് സ്വീകരണ ചടങ്ങുകളൊന്നും നിശ്ചയിച്ചിരുന്നില്ലെങ്കിലും പ്രവർത്തകർ കൂടി നിൽക്കുന്നത് കണ്ട് രാഹുൽ അവിടെ ഇറങ്ങുകയായിരുന്നു. തുടർന്ന് അങ്ങാടിയിലുള്ള ജ്യോതിഷ് കൂൾബാറിലേക്ക് കയറി. എ.പി അനിൽകുമാർ എം.എൽ.എ , കെ.സി. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു

കാളികാവിൽ നിന്ന് വണ്ടൂർ വഴി നിലമ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് രാഹുൽ ചോക്കാട് ഇറങ്ങിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കാറിലായിരുന്നു യാത്ര.

ഉണ്ണിയപ്പവും നുറുക്കും ഏറെ രുചികരമാണെന്നു പറഞ്ഞ രാഹുൽ ഇവരുടെ വിശേഷങ്ങളും തിരക്കി. ജ്യോതിക്കും കുടുംബത്തിനുമൊപ്പം ഫോട്ടോയുമെടുത്താണ് മടങ്ങിയത്.

കൂടെയുള്ളവർ പണം നൽകിയെങ്കിലും വാങ്ങാൻ ജ്യോതിയും ഭർത്താവും തയ്യാറായില്ല.