തിരൂരങ്ങാടി : മലബാർ മേഖലയിലെ ഹയർസെക്കണ്ടറി സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് തെക്കൻ ഭാഗങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ മലബാറിലേക്ക് മാറ്റുന്നതിനോടൊപ്പം പുതിയ ബാച്ചുകൾ മലബാറിൽ അനുവദിക്കുകയും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആർ.എം.എസ്.എ പദ്ധതിയിൽ ഹൈസ്‌കൂളുകളാക്കി ഉയർത്തിയ സർക്കാർ സ്‌കൂളുകൾ ഹയർസെക്കണ്ടറികളാക്കണമെന്നും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 84,000 സീറ്റുകൾ അനുവദിച്ചതിൽ 80 ശതമാനവും മലബാറിൽ അനുവദിച്ചു കൊണ്ട് മലബാറിലെ സീറ്റ് പ്രശ്‌നം പരിഹരിക്കുന്നതിന് ഇടപെടലുകൾ നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. മാർജിനൽ വർദ്ധനവ് നടപ്പിൽ വരുത്തിയത് കൊണ്ട് പരിഹാരം കാണാൻ കഴിയില്ല. മാനേജ്‌മെന്റിന് സാമ്പത്തിക ബാധ്യത വരുന്നതിനാൽ പല സ്‌കൂളുകളും ഇത് നടപ്പിലാകാത്ത സാഹചര്യവുമുണ്ട്. യു.ഡി.എഫ് ഇതര സർക്കാരുകളുടെ കാലത്ത് മലബാറിനെ അവഗണിച്ചു കൊണ്ട് അശാസ്ത്രീയമായി തെക്കൻ ഭാഗത്തു മാത്രം ഹയർ സെക്കണ്ടറി ബാച്ചുകളും, സ്‌കൂളുകളും അനുവദിച്ചതാണ് മലബാറിൽ സീറ്റുകൾ കുറയുന്നതിനും, മറ്റു പ്രദേശങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.