പൊന്നാനി: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യബന്ധന മേഖലക്കിനി വിശ്രമ കാലം. തൊഴിലില്ലാത്ത രണ്ടുമാസക്കാലം തീരത്തിന് വറുതിയുടെ കാലം. തുടർച്ചയായുണ്ടാകുന്ന ഡീസൽ വിലവർദ്ധനവും വലിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവും ഉണ്ടാക്കിയ പ്രതിസന്ധിക്ക് നടുവിലാണ് തീരദേശം ട്രോളിംഗ് നിരോധനത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 53 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനാണ് തുടക്കമായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ ഡീസൽ വിലവർദ്ധനവ് വലിയതോതിലാണ് മത്സ്യബന്ധന മേഖലയെ ബാധിച്ചത്. ചിലവ് വർദ്ധിക്കുന്നതിനുസരിച്ച് മത്സ്യത്തിന്റെ ലഭ്യതയിലും വിലയിലും വർദ്ധനവ് സാധ്യമാകാതിരുന്നതാണ് മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയുടേതാക്കിയത്.
ഒരു ദിവസം മത്സ്യബന്ധ ബോട്ടിന് കടലിൽ പോയി വരണമെങ്കിൽ 500 ലിറ്റർ ഡീസൽ ആവശ്യമാണ്. ദിനേനയുണ്ടാകുന്ന ഇന്ധനവിലവർദ്ധനവ് വലിയ ബാധ്യതയാണ് മത്സ്യബന്ധന മേഖലയ്ക്കുണ്ടാക്കിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ തീരത്തേക്കെത്തുന്നത് പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് വിലയില്ലാതാക്കി. രണ്ടും മൂന്നും ദിവസം ആഴക്കടലിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തിയാൽപോലും കാര്യമായ വരുമാനമൊന്നും ലഭിക്കാതിരുന്ന ഒരു വർഷമാണ് കടന്നുപോയത്.
ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള സീസണിൽ സാധാരണ ഗതിയിൽ കൂന്തളും, വലിയ ചെമ്മീനും ലഭിക്കാറുണ്ടെങ്കിലും, ഈ സീസണിൽ വലിയ മത്സ്യങ്ങൾ കാര്യമായി ലഭിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകരയെന്നൊന്ന് തീരത്തുണ്ടായിട്ടില്ല. ഈ സീസണിൽ കിലോക്ക് പ്രാദേശികമാർക്കറ്റുകളിൽ 50 രൂപ മുതൽ 80 രൂപ വരെ ലഭിക്കുന്ന മാന്തൾ, കിളിമീൻ തുടങ്ങിയവ മാത്രമാണ് ലഭിച്ചിരുന്നത്. വലിയ വള്ളങ്ങൾക്ക് അയല, മത്തി, ചെമ്പല്ലി തുടങ്ങിയവ പേരിന് മാത്രമാണ് കിട്ടിയത്. ഇതിൽ മത്തിയുടെ ലഭ്യത കുറഞ്ഞത് മത്സ്യ ബന്ധന യാനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. നൂറ് രൂപയിൽ താഴെ വിലയുള്ള മത്സ്യങ്ങൾ മാത്രം ലഭിക്കുന്നതിനാൽ നഷ്ടക്കണക്കുകൾ മാത്രമാണ് തീരത്തിന് പറയാനുണ്ടായിരുന്നത്. ബോട്ടുകൾ കടലിലിറങ്ങി മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധന ചെലവിന് മാത്രമായി മാറ്റിവെക്കേണ്ടി വരുന്നത്. വലിയ ബോട്ടുകൾ ദിവസങ്ങളോളം കടലിൽ തങ്ങിയാണ് മീൻ പിടിച്ചിരുന്നത്. പലപ്പോഴും ഇന്ധന ചെലവ് പോലും തിരികെപ്പിടിക്കാൻ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് പലർക്കും നേരിടേണ്ടി വന്നത്. ട്രോളിംഗ് നിരോധനം കഴിഞ്ഞതിന് ശേഷം പലപ്പോഴായി കടൽ പ്രക്ഷുബ്ദമായതിനാലും, കാലാവസ്ഥ മുന്നറിയിപ്പ് മൂലവും ബോട്ടുകൾ മിക്കപ്പോഴും തീരത്ത് തന്നെ കെട്ടിയിടുകയായിരുന്നു.ഇതോടെ ജില്ലയിലെ മത്സ്യ ബന്ധന തുറമുഖങ്ങളിൽ പലപ്പോഴും ആളൊഴിഞ്ഞ പ്രതീതിയായിരുന്നു. ബോട്ടുകളിൽ തൊഴിലെടുത്ത് ഉപജീവനം തേടുന്നവർക്കും, ജോലി കുറവായതിനാൽ ഇവരിൽ പലരും മറ്റു തൊഴിൽ മേഖല തേടുകയാണ്.ഇന്ധന വിലവർധനയും, മത്സ്യത്തിന് വില ലഭിക്കാത്തതും മൂലം പല ബോട്ടുടമകളും നഷ്ടം സഹിക്കാനാവാത്തതിനാൽ ബോട്ടുകൾ കടലിലിറക്കാൻ മടിക്കുകയാണ്. 53 ദിവസത്തെ ട്രോളിംഗ് നിരോധനം തീരദേശ മേഖലയെ കടുത്ത ദുരിതത്തിലാക്കും. ട്രോളിംഗ് നിരോധനത്തിനൊപ്പം തീരത്തുണ്ടാകുന്ന കടലാക്രമണം തീരവാസികളുടെ ദുരിതം ഇരട്ടിയാക്കും. കഴിഞ്ഞ ഓഖി ദുരന്തത്തിൽ തകർന്നടിഞ്ഞ കടൽഭിത്തികളൊന്നും പുനർനിർമ്മിക്കാത്തതിനാൽ തീരത്തെ നൂറിൽപരം കുടുംബങ്ങൾ ഏത് സമയവും ഭവനരഹിതരാകാവുന്ന അവസ്ഥയിലാണ്. പുനരധിവാസ സംവിധാനങ്ങളൊന്നും ക്രിയാത്മകമായി യാഥാർത്ഥ്യമാകാത്തതിനാൽ തെരുവിലിറങ്ങേണ്ട സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളവർക്കുള്ളത്.
അക്ഷരാർത്ഥത്തിൽ കടുത്ത ദുരിതമാണ് ട്രോളിംഗ് നിരോധനകാലയളവ് മത്സ്യമേഖലയ്ക്ക് സമ്മാനിക്കുന്നത്.