മലപ്പുറം: സഹകരണവകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണ പദ്ധതിയുടെ ഈ വർഷത്തെപദ്ധതിയായ 10,000 കശുമാവിൻ തൈകളുടെ വിതരണത്തിന് മലപ്പുറം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ കശുമാവിൻ തൈകൾ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവഹിച്ചു.
മലപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷനായി. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ ഏലിയാസ് എം.കുന്നത്ത് വിശിഷ്ടാതിഥിയായി. പദ്ധതിയുടെ ഭാഗമായി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ വർഷം ജില്ലയിൽ 10,000 കശുമാവിൻ തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. കശുവണ്ടി വ്യവസായത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമായി കശുവണ്ടി തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജൂൺ 30 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സഹകരണ സംഘവും 10 തൈകൾ നട്ട് പരിപാലിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന സ്ഥലത്തും വൃക്ഷത്തൈകൾ നട്ട് പരിപാലിക്കും. പൊതുജനങ്ങൾക്ക് പരമാവധി വൃക്ഷത്തെകൾ നൽകും. ഓരോ സഹകരണ സംഘങ്ങളും ആവശ്യമായി വരുന്ന തൈകൾ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.പദ്ധതി പ്രകാരം അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തീം ട്രീസ് ഓഫ് കേരള എന്ന പേരിൽ ആവിഷ്ക്കരിക്കുന്ന പദ്ധതിയിലൂടെ പ്ലാവ്, കശുമാവ് , തെങ്ങ്, പുളി, മാവ് എന്നീ മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ തുടക്കംകുറിച്ച ഹരിത കേരള പദ്ധതിക്ക് പിന്തുണ നൽകികൊണ്ടാണ് ഹരിതം സഹകരണ പദ്ധതിക്ക് സഹകരണവകുപ്പ് തുടക്കംകുറിച്ചത്. കഴിഞ്ഞവർഷം പ്ലാവിൻ തൈകളാണ് വിതരണം ചെയ്തത്. 2020ൽ തെങ്ങ്, 2021ൽ പുളി, 2022ൽ മാവ് എന്നിങ്ങനെ നട്ടുപിടിപ്പിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.പരിപാടിയിൽ സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എം.ശ്രീഹരി, ഡെപ്യൂട്ടി രജിസ്ട്രാർ ടി.അഷ്റഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എ.പി സുമേഷ്, മലപ്പുറം സർവീസ് സഹകരണബാങ്ക് സെക്രട്ടറി കെ.പി രാജീവ്, പ്രധാനധ്യാപിക സിസ്റ്റർ ലൂസീന, പി.ടി.എ പ്രസിഡന്റ് ഹാരിസ് ആമിയാൻ സംസാരിച്ചു.