മലപ്പുറം: പ്രവേശന പരീക്ഷാഫലം ഇന്നലെ പുറത്തുവിട്ടപ്പോൾ ജില്ലയ്ക്ക് എൻജിനീയറിംഗിൽ 20ാം റാങ്ക്. മഞ്ചേരി മുള്ളമ്പാറ സ്വദേശി അൻഷിദ് പടവണ്ണയാണ് ഈ മിടുക്കൻ. ജില്ലയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക് കൂടിയാണിത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ആദ്യ പത്ത് റാങ്കിൽ ജില്ലയിൽ നിന്ന് ആരും ഉൾപ്പെട്ടിട്ടില്ല. ഫാർമസിയിലാണ്(ബിഫാം) ഇത്തവണ ജില്ലയിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടിയത്. ആദ്യ നാല് റാങ്കിൽ മൂന്നും കരസ്ഥമാക്കി. 384.58 സ്കോറുമായി കൊല്ലം സ്വദേശി നവീൻ വിൻസന്റ് ഒന്നാംറാങ്ക് നേടിയപ്പോൾ എടവണ്ണ ചെമ്പക്കുത്ത് സ്വദേശി എം.കെ. നിദ നിഷ്മ 369.85 സ്കോറുമായി രണ്ടാം റാങ്ക് കരസ്ഥമാക്കി. ഊരകം മേൽമുറി ശ്രീലകത്തിലെ കെ. രോഹിത് മൂന്നാം റാങ്കും തവനൂർ കോലോത്ത് വളപ്പിൽ മുഹമ്മദ് ഇർഷാദ് നാലാം റാങ്കും നേടി ജില്ലയുടെ അഭിമാനമായി.ആർക്കിടെക്ച്ചറിൽ നാലാം റാങ്കിന്റെ തിളക്കം ജില്ലയ്ക്കുണ്ട്. 358 സ്കോറുമായി മുന്നിയൂർ കുതിരേടത്ത് കിഴക്കേപുറക്കൽ കെ.പി. പ്രവീണാണ് ഈ മിടുക്കൻ.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് എൻജിനീയറിംഗ്, ആർക്കിടെക്ച്ചർ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറവാണെന്നത് റാങ്കിന്റെ തിളക്കത്തിനിടയിലും മാറ്റ് കുറയ്ക്കുന്നു.
നടപടിക്രമങ്ങൾ
മേയ് 2, 3 തീയതികളിലായി നടത്തിയ എൻജിനീയറിംഗ് പ്രവേശന പരീക്ഷയുടെ സ്കോർ കഴിഞ്ഞ 21ന് പ്രസിദ്ധീകരിച്ചിരുന്നു.
യോഗ്യത നേടിയ വിദ്യാർത്ഥികൾ രണ്ടാം വർഷ പ്ലസ്ടു പരീക്ഷയിലെ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് ഓൺലൈനായി പ്രവേശന പരീക്ഷാ കമ്മിഷണർക്ക് സമർപ്പിച്ചിരുന്നു.
എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ്ടു പരീക്ഷയിലെ മാർക്കും പരിഗണിച്ചാണ് എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ നടത്തിയ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്ചർ സ്കോറും യോഗ്യതാ പരീക്ഷയിലെ മാർക്കും പരിഗണിച്ചാണ് ആർക്കിടെക്ച്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.