മലപ്പുറം: മഴക്കാലമെത്തിയതിന് പിന്നാലെ പനി ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. ജൂൺ ഒന്ന് മുതൽ ഇതുവരെ 7,905 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഡെങ്കിയും
എലിപ്പനിയും
കഴിഞ്ഞ വർഷം പിടിച്ചുകുലുക്കിയ ഡെങ്കിയും എലിപ്പനിയും വലിയ തോതിൽ തല പൊക്കിയിട്ടില്ലെന്നതാണ് ആശ്വാസം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഞ്ച് ഡെങ്കിപ്പനിയും ഒരു എലിപ്പനി കേസുമാണ് റിപ്പോർട്ട് ചെയ്തത്. കാളികാവിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ഇതിന് പുറമെ ഒരാളെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചിക്കൻപോക്സ്
മഴക്കാലമെത്തിയതോടെ ചിക്കൻ പോക്സ് കുറഞ്ഞു. ഇതുവരെ 64 കേസുകളാണുണ്ടായത്. നേരത്തെ ദിവസം 25ന് മുകളിൽ അസുഖ ബാധിതരുണ്ടായിരുന്നു.
അതിസാരവും കുടിവെള്ളക്ഷാമവും വേനൽ തുടങ്ങിയ ശേഷം വെല്ലുവിളിയുയർത്തിയ അതിസാരത്തെ നിയന്ത്രിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പത്ത് ദിവസത്തിടെ 1,616 കേസുകളുണ്ടായി. ശുദ്ധമായ കുടിവെള്ളത്തിന്റെ അപര്യാപ്തതയും വൃത്തിഹീനമായ അന്തരീക്ഷത്തിലെ ഭക്ഷണപദാർത്ഥങ്ങളും രോഗം വിളിച്ചുവരുത്തുന്നു. മൺസൂൺ ശക്തിപ്രാപിക്കാത്തതിനാൽ ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിട്ടില്ല. തീരപ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. കുടിവെള്ളക്ഷാമം അതിരൂക്ഷമായതിനാൽ ടാങ്കറുകൾ വഴിയെത്തുന്ന കുടിവെള്ളമാണ് തീരങ്ങളിലുള്ളവരുടെ ആശ്രയം. ടാങ്കറുകളുടെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കാനും ശുദ്ധത ഉറപ്പുവരുത്താനും സംവിധാനങ്ങൾ ഒരുക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.
മഞ്ചേരി ആനക്കയത്ത് കക്കൂസ് മാലിന്യം തള്ളിയയിടത്തു നിന്ന് ടാങ്കറിൽ കുടിവെള്ളമെടുത്തത് ഏറെ ചർച്ചയായിരുന്നെങ്കിലും സ്രോതസിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
മറ്റു രോഗങ്ങളും
കുറവല്ല
ജില്ലയെ ഭീതിയിലാഴ്ത്തുന്ന മസ്തിഷ്ക ജ്വരം അടങ്ങിയിട്ടില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെയുണ്ടായ രണ്ട് കേസുകൾ. മലപ്പുറം മക്കരപ്പറമ്പിലും വാഴക്കാട്ടുമാണ് ഇവ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മഞ്ഞപ്പിത്തം കേസുകളിൽ കുറവുണ്ട്. 15 പേർക്കാണ് രോഗം ബാധിച്ചത്. നിലമ്പൂരിലും കാലടിയിലും രണ്ട് മലേറിയ രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കാലമെത്തിയതോടെ കൊതുക് നശീകരണ പ്രവർത്തനങ്ങളിലും പരിസര ശുചീകരണത്തിലും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ ഭേദം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വഴി കൊതുകുകൾ മുട്ടയിട്ട് വളരാനുള്ള സാഹചര്യങ്ങൾ തടയാനായത് രോഗ വ്യാപനം കുറച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.