പെരിന്തൽമണ്ണ: തിരൂർക്കാട് ചവറോഡിലെ കാടൻതൊടി നൗഷാദിന്റെ വീടിന്റെ മുൻവശത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് മലമ്പുഴ കോട്ടേക്കാട് നടുവിൽ വീട്ടിലെ രാമചന്ദ്രനെയാണ്(36) മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവിന്റെ ഭാര്യയുടെ പരാതിയിൽ മുമ്പ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി, കേസിന്റെ വിരോധം തീർക്കാൻപരാതിക്കാരന്റെ വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ചെന്നാണ് പൊലീസ് കേസ്. വിവിധ സിസി ടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂൺ നാലിന് രാത്രി 11ന് ശേഷം പാലക്കാട് നിന്നും ബൈക്കിൽ പരാതിക്കാരന്റെ വീടിന്റെ പരിസരത്തെത്തിയ പ്രതി ആളൊഴിഞ്ഞ ശേഷം ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി കുപ്പിയിലാക്കി പുലർച്ചെ രണ്ടരയോടെ വീടിന്റെ മുൻവശത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. പിന്നീട് ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ തന്ത്രപൂർവ്വം നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
അന്നേദിവസം തന്നെ പരാതിക്കാരനായ യുവാവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മങ്കട എസ്.ഐ കെ.സതീഷ്, എ.എസ്.ഐ അലവിക്കുട്ടി, വനിതാ പൊലീസ് ഓഫീസർ ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു, കെ.വിനോദ്, രജീഷ്, ഹോം ഗാർഡ് ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.