മഞ്ചേരി: മലപ്പുറത്ത് മൊത്ത വിതരണത്തിനായി ആന്ധ്രയിൽ നിന്നെത്തിച്ച 20 കിലോ കഞ്ചാവുമായി വയനാട് സ്വദേശി ബാബു സെബാസ്റ്റ്യനെ(48) മഞ്ചേരി മുട്ടിപ്പാലത്തു വച്ച് പൊലീസ് പിടികൂടി. ഒരാഴ്ച മുമ്പ്ആറു കിലോ കഞ്ചാവുമായി പിടികൂടിയ അരീക്കോട് വാലില്ലാപ്പുഴ സ്വദേശി മുസ്തഫയിൽ നിന്നാണ് മാസത്തിൽ രണ്ടുതവണ ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. നിരവധി തവണ മലപ്പുറത്തേക്ക് കഞ്ചാവെത്തിച്ചിരുന്നതായി ചോദ്യംചെയ്യലിൽ ഇയാൾ മൊഴി നൽകി. ജില്ലയിലെ മൊത്ത വിതരണക്കാരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. മാന്യമായ വസ്ത്രം ധരിച്ച് സഞ്ചരിക്കുന്ന ഇയാൾ ട്രോളിബാഗുകളിലാണ് കഞ്ചാവ് കടത്തിയിരുന്നത്. 25 വർഷത്തോളം ആന്ധ്രയിലെ നരസിപട്ടണത്ത് താമസമാക്കിയ ഇയാൾക്ക് കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ മൊത്ത വിതരണക്കാരുമായി ബന്ധമുണ്ട്. ആന്ധ്രയിലെ ഏജന്റുമാരെ കുറിച്ചും വിവരം ലഭിച്ചു. ഇവരെ നിരീക്ഷിച്ചുവരികയാണ്. പിടിയിലായ പ്രതിയുടെ പേരിൽ വയനാട് മാനന്തവാടി സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഈ വർഷം മാത്രം ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് 60 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. 20 ഓളം പ്രതികളെ പിടികൂടി. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി സി.ഐ എൻ.ബി.ഷൈജു. എസ്.ഐ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം, ദിനേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.