solar
solar

മലപ്പുറം: 'സൗര" പദ്ധതിയിലൂടെ 200 മെഗാവാട്ട് സോളാർ വൈദ്യുതിയുത്‌പാദിപ്പിക്കാൻ കെ.എസ്.ഇ.ബിയെത്തുന്നു. സംസ്ഥാനത്തെ 23,000 മേൽക്കൂരകളാകും വൈദ്യുതിയുത്പാദന കേന്ദ്രങ്ങൾ. മൂന്ന് വർഷത്തിനുള്ളിൽ 1000 മെഗാവാട്ടാണ് ലക്ഷ്യമിടുന്നത്. സോളാർ പാനലിനായുള്ള ഇ - ടെൻഡർ ജൂലായിൽ വിളിക്കും. ഈ വർഷം അവസാനത്തോടെ പാനലുകൾ സ്ഥാപിച്ച് 2020 പകുതിയിൽ പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ കൂടുതൽ മേൽക്കൂരകളിലേക്ക് വ്യാപിപ്പിക്കും.

2,78,258 അപേക്ഷകളിൽ 2.60 ലക്ഷത്തിന്റെ ഫീൽഡ്, ടെക്‌നിക്കൽ സർവേകൾ പൂർത്തിയാക്കി. അനുയോജ്യമെന്ന് കണ്ടെത്തിയ 22,500 അപേക്ഷകളാണ് ഇന്നലെ വരെ ആദ്യലിസ്റ്റിലുള്ളത്. ഇതിലൂടെ 180 മെഗാവാട്ട് ഉത്പാദിപ്പിക്കാം. 200 മെഗാവാട്ട് ലക്ഷ്യമിടുന്നതിനാൽ അന്തിമ ലിസ്റ്റിൽ കുറച്ചുപേർ കൂടിയുൾപ്പെട്ടേക്കും. കെട്ടിടത്തിന്റെ പഴക്കം, മേൽക്കൂരയുടെ സ്വഭാവം,​ നിഴലില്ലാത്ത സൂര്യപ്രകാശം, ഗ്രിഡ് കണക്‌ഷനിലേക്ക് ഘടിപ്പിക്കാൻ കഴിയുമോ തുടങ്ങിയവയാണ് പരിശോധിച്ചത്. തുടർഘട്ടങ്ങളിലെ 300 മെഗാവാട്ട് കൂടാതെ സോളാർ പാർക്ക്-150, ഫ്ളോട്ടിംഗ് സൗരോർജ പദ്ധതികൾ-100, കനാലുകളുടെ കരയിൽ-50, സുതാര്യ റിവേഴ്‌സ് ലേലം വഴി-200 എന്നിങ്ങനെയാണ് 1000 മെഗാവാട്ട് ലക്ഷ്യമിടുന്നത്.

നടപ്പാക്കുന്നത് മൂന്ന് മാതൃകയിൽ

1. കെ.എസ്.ഇ.ബിയുടെ ചെലവിൽ സൗരനിലയം സ്ഥാപിച്ച് വൈദ്യുതിയുടെ 10 ശതമാനം വാടകയായി കെട്ടിട ഉടമയ്‌ക്ക് നൽകും.

2. നിർമ്മാണച്ചെലവ് കെ.എസ്.ഇ.ബി വഹിക്കും. 25 വർഷത്തേക്ക് നിശ്ചിത നിരക്കിൽ കെട്ടിടമുടമയ്‌ക്ക് വൈദ്യുതി നൽകും. ഈ കാലയളവിലുണ്ടാകുന്ന വൈദ്യുതി നിരക്കിലെ വ്യത്യാസം ഗുണഭോക്താവിനെ ബാധിക്കില്ല.

3. സംരംഭകന്റെ ചെലവിൽ സൗരനിലയം സ്ഥാപിക്കും. ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി നിശ്ചിതനിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും. പക്ഷേ സർവീസിന് നിശ്ചിത തുക നൽകണം.

ചെലവ് കുറയും

 നിലവിൽ ഒരു കിലോവാട്ടിന്റെ സോളാർ പാനലിന്റെ വില 60,000 രൂപ. ഇതിനെക്കാൾ കുറവും ഗുണമേന്മയുമുള്ള പാനലുകളാണ് ടെൻഡറിൽ തിരഞ്ഞെടുക്കുക.

 ഒരു കിലോവാട്ട് സ്ഥാപിക്കാൻ നൂറ് ചതുരശ്രയടി വേണം. സൗരയിൽ കുറഞ്ഞത് രണ്ട് കിലോവാട്ടാണ്. ഇതുവഴി ഒരുവർഷം 2,000 യൂണിറ്റ് വൈദ്യുതി ലഭിക്കും.

ഒന്നിനും തികയാതെ വൈദ്യുതി

കെ.എസ്.ഇ.ബിയുടെ സൗരോർജ നിലയങ്ങളിലൂടെ നിലവിൽ 9.65 ദശലക്ഷവും സ്വകാര്യ സൗരോർജ നിലയങ്ങളിൽ 102.43 ദശലക്ഷം യൂണിറ്റുമാണ് ഉത്പാദിപ്പിക്കുന്നത്. ജലവൈദ്യുതി, കാറ്റാടി, താപനിലയങ്ങൾ വഴി 8,025 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനായപ്പോൾ 24,960 ദശലക്ഷം യൂണിറ്റായിരുന്നു 2018ലെ ഉപഭോഗം. കേന്ദ്രവിഹിതമായി 9,241.9 ദശലക്ഷവും കെ.എസ്.ഇ.ബി ഏർപ്പെട്ട ദീർഘകാല കരാറുകളിൽ നിന്ന് 7,652.02 ദശലക്ഷം യൂണിറ്റും പവർ എക്‌സ്‌ചേഞ്ചുകൾ വഴി 476.99 ദശലക്ഷം യൂണിറ്റും വിലകൊടുത്ത് വാങ്ങി.


'ഗുണമേന്മയുള്ള പാനലുകളേതെന്ന് പെട്ടെന്ന് തിരിച്ചറിയാനാവില്ല. 25 വർഷം ആയുസുണ്ടെന്നതിനാൽ സ്വകാര്യകമ്പനികൾ ഇത്രയും കാലം നിലനിൽക്കണമെന്നുമില്ല. കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്വത്തിലുള്ള പദ്ധതിയിൽ ഗുണഭോക്താവിന് ആശങ്കകളൊന്നുമുണ്ടാവില്ല".

- ജെ. മധുലാൽ,

എക്സിക്യൂട്ടിവ് എൻജിനിയർ, സൗര പദ്ധതി