വള്ളിക്കുന്ന് : തിങ്കളാഴ്ച കടലുണ്ടിക്കടവിന് സമീപം കടലിൽ കുളിക്കുന്നതിനിടെ കാണാതായ കാലന്തത്തിന്റെ പുരയ്ക്കൽ അബ്ദുൾ സലാമിന്റെ മകൻ മുസമ്മിലിന്റെ(17) മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നോടെ കണ്ടെത്തി .
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്ടറെത്തി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. അവർ തെരച്ചിൽ നിറുത്തിയ ശേഷം പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ടോടെ കടലുണ്ടി നഗരം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് മുസമ്മിലും മറ്റ് രണ്ട് സുഹൃത്തുക്കളും കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപ്പെട്ട മുസമ്മിലിന്റെ കൈകളിൽ ഒരു സുഹൃത്തിന് പിടിത്തം കിട്ടിയെങ്കിലും ശക്തമായ തിരയടിയിൽ വിട്ടുപോയി. തിരമാലകൾ ശക്തമായ കാരണം രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താനായില്ല. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നെന്ന് ആരോപിച്ച് നാട്ടുകാർഇന്നലെ റോഡ്ഉപരോധിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ നിന്നും ഹെലികോപ്ടറെത്തിച്ച് തെരച്ചിൽ നടത്തിയത്.