ponnani

പൊന്നാനി: മഴ കനത്തതോടെ പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. തുടർച്ചയായി മൂന്നാം ദിവസവും കടൽ തീരത്തേക്ക് ആഞ്ഞടിച്ചതോടെ പത്ത് വീടുകൾ നിലം പൊത്തി. നൂറോളം വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലാണ്.

പൊന്നാനി മുറിഞ്ഞഴിയിലെ പഴയപുരയ്ക്കൽ നഫീസ, സ്രാങ്കിന്റെ താഹിറ, കുട്ട്യാമാക്കാനകത്ത് സുഹ്ര ,ചന്തക്കാരന്റെ ഷരീഫ, പൊന്നാനി ലൈറ്റ് ഹൗസിനു സമീപത്തെ കമ്മാലിക്കാനകത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈർ, വെളിയങ്കോട് തണ്ണിത്തുറയിലെ ഹംസ എന്നിവരുടെ വീടുകളാണ് പൂർണ്ണമായും തകർന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കടലാക്രമണം പൊന്നാനി മേഖലയിൽ രൂക്ഷമായ നാശനഷ്ടങ്ങളുണ്ടാക്കി. പൊന്നാനി പൊലീസ് സ്റ്റേഷന്റെ പിറകുവശം മുതൽ അലിയാർ പള്ളി വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷം. മുറിഞ്ഞഴി മേഖലയിൽ മിക്ക വീടുകളും തീരത്തു നിന്ന് 50 മീറ്ററിനകത്താണെന്നതിനാൽ വലിയ ഭീതിയിലാണ് വീട്ടുകാർ.

വേലിയേറ്റമുണ്ടാകുന്ന ഉച്ചമുതൽ വൈകിട്ട് വരെയുള്ള സമയങ്ങളിലാണ് കടൽ തിരമാലകൾ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏതു നിമിഷവും നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. കടൽഭിത്തികൾ പൂർണ്ണമായും ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകൾ നേരിട്ട് വീടുകളിലേക്കെത്തുന്നത്. പലരും കടലാക്രമണത്തെ പ്രതിരോധിക്കാൻ ചാക്കുകളിൽ മണൽ നിറച്ച് വീടിന് മുന്നിൽ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരയിൽ ഇവയും കടലെടുക്കുന്നു. തിരകൾക്കൊപ്പമെത്തുന്ന മണൽ വീടുകൾക്കുള്ളിലേക്ക് അടിച്ചു കയറുകയാണ്.

ഉപ്പുവെള്ളം കലർന്നതിനാൽ കിണറുകളിൽ നിന്നും അത്യാവശ്യങ്ങൾക്ക് പോലും വെള്ളം എടുക്കാനാവുന്നില്ല. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ വരും ദിവസങ്ങളിൽ കടലാക്രമണം ശക്തമാകുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ. കടലാക്രമണം രൂക്ഷമായതോടെ നിരവധി വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

കടലാക്രമണ സമയത്ത് മാത്രമാണ് അധികൃതരെത്തുന്നതെന്നാണ് കടലോരവാസികളുടെ പരാതി. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നടപടി വേണമെന്നാണ് അവരുടെ ആവശ്യം.മുറിഞ്ഞഴി മേഖലയ്ക്ക് പുറമെ ലൈറ്റ് ഹൗസ് പരിസരത്തെ വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. വെളിയങ്കോട്, തണ്ണിത്തുറ, മുറിഞ്ഞഴി മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. തുടർച്ചയായി കടലാക്രമണം നേരിടുന്ന പാലപ്പെട്ടി അജ്മീർ നഗറിൽ പുതുതായി നിർമ്മിച്ച കടൽഭിത്തി തീരവാസികൾക്ക് ആശ്വാസം നൽകുന്നുണ്ട്. രൂക്ഷമായ തിരമാലകളെ കടൽഭിത്തിക്ക് എത്രമാത്രം പ്രതിരോധിക്കാനാകുമെന്നത് ആശങ്ക നിലനിറുത്തുന്നു.

കടൽഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി നഗരസഭയിലെ സി.പി.എം കൗൺസിലർ രാജിക്കൊരുങ്ങുന്നു. നഗരസഭയിലെ 45-ാം വാർഡ് മുറിഞ്ഞഴിയിലെ കൗൺസിലർ നസിമോനാണ് രാജിവയ്ക്കുന്നത്. ഇന്ന് രാജി സമർപ്പിക്കുമെന്ന് നസിമോൻ കേരളകൗമുദിയോട് പറഞ്ഞു. പൊന്നാനി തീരദേശ മേഖലയിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് മുറിഞ്ഞഴി. ഈ മേഖലയിലെ രണ്ട് കിലോമീറ്റർ പരിധിയിൽ കടൽഭിത്തിയില്ല. കഴിഞ്ഞ ഏതാനും വർഷമായി രൂക്ഷമായ നാശനഷ്ടമാണ് മുറിഞ്ഞഴി മേഖലയിൽ നേരിടുന്നത്.

കടൽഭിത്തി നിർമ്മിക്കണമെന്ന് നിയമസഭ സ്പീക്കറോടും ബന്ധപ്പെട്ടവരോടും പലതവണ ആവശ്യപ്പെട്ടിട്ടും നടക്കാത്തതിൽ പ്രതിഷേധിച്ചാണ് സി. പി.എം കൗൺസിലറുടെ രാജി സന്നദ്ധതയെന്നറിയുന്നു. കടലാക്രമണം നേരിടുന്ന പാലപ്പെട്ടി, അഴീക്കൽ മേഖലകളിൽ കടൽഭിത്തി നിർമ്മാണം പൂർത്തീകരിച്ചിട്ടും മുറിഞ്ഞഴി മേഖലയെ ഒഴിവാക്കിയതാണ് വാർഡ് കൗൺസിലറെ പ്രകോപിച്ചത്. രാജി വാർത്ത പുറത്തുവന്നതോടെ നസിമോനെ അനുനയിപ്പിക്കാൻ സി.പി.എം കേന്ദ്രങ്ങൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.

പൊന്നാനി: രൂക്ഷമായ കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കണമെന്നും കടൽ ഭിത്തിയില്ലാത്തയിടങ്ങളിൽ ഉടൻ കടൽഭിത്തി നിർമ്മിക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലിം ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. എൽ.എ. ഡെപ്യൂട്ടി കളക്ടർ കെ.ചാമിക്കുട്ടി, തഹസിൽദാർ എം.ഡി.ലാലു എന്നിവരുമായി നേതാക്കൾചർച്ച നടത്തി.