മലപ്പുറം: ജില്ലയിൽ ടൂറിസം മേഖലയിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും വിദേശ, ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാനാവുന്നില്ല. കഴിഞ്ഞ വർഷം ജില്ലയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവ് വലിയ പ്രതീക്ഷയേകുന്നതുമല്ല. പ്രളയത്തെ തുടർന്നുണ്ടായ കെടുതികളാണ് ടൂറിസം മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ നിലപാട്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മേയ് മുതൽ നവംബർ വരെയും ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തിൽ ആഗസ്റ്റ് മുതൽ നവംബർ വരെയുമാണ് വലിയ ഇടിവ് നേരിട്ടത്. സംസ്ഥാനാടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ കുറവുണ്ടായിട്ടുണ്ട്.
കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളുടെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം 17,610 പേരാണ് ജില്ല സന്ദർശിച്ചത്. 2017ൽ 18,451 പേർ സന്ദർശിച്ചിരുന്നു. 4.56 ശതമാനത്തിന്റെ കുറവ്. തിരുവനന്തപുരം ജില്ലയിലാണ് സഞ്ചാരികളുടെ കുറവ് കൂടുതൽ അനുഭവപ്പെട്ടത്. 18.54 ശതമാനം. കോഴിക്കോട് 40.3 ശതമാനവും കൊല്ലം 45 ശതമാനവും വളർച്ച കൈവരിച്ചു. സംസ്ഥാനത്ത് ആകെ 10,96,407 വിദേശ സഞ്ചാരികളാണെത്തിയത്.
വലിയ മുന്നേറ്റമില്ലാതെ
ആഭ്യന്തര ടൂറിസം
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാക്കാനായിട്ടില്ല.
ജൂണിലൊഴികെ മറ്റെല്ലാ മാസങ്ങളിലും ശരാശരി 40,000 ആഭ്യന്തര സന്ദർശകരെത്തുന്നുണ്ട്.
ഏപ്രിലിൽ 53,598ഉം സെപ്തംബറിൽ 51,481ഉം ഡിസംബറിൽ 53,001ഉം പേരെത്തി.
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിലടക്കം കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങൾ കൂടുതൽ വിനോദ സഞ്ചാരികളെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.
5,09,883 സഞ്ചാരികളാണ് കഴിഞ്ഞ വർഷം ജില്ലയിലെത്തിയത്.
4,74,180 സഞ്ചാരികളാണ് 2017ൽ ജില്ലയിലെത്തിയത്
8.66 ശതമാനത്തിന്റെ വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്
വിദേശസഞ്ചാരികളുടെ കണക്ക്
ജില്ലയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതൽ വിദേശ സഞ്ചാരികൾ ജില്ലയിലെത്തിയത്.
ആയുർവേദ ചികിത്സ തേടിയെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ജനുവരി - 1,947, ഫെബ്രുവരി - 2,040, മാർച്ച് - 1,650, ഏപ്രിൽ - 1,609, മേയ് - 580, ജൂൺ- 748, ജൂലൈ - 2,378, ആഗസ്റ്റ് - 1,765, സെപ്തംബർ - 789, ഒക്ടോബർ - 1,240, നവംബർ - 1,276, ഡിസംബർ - 1,588 എന്നിങ്ങനെയാണ് വിദേശികളെത്തിയത്
ജൂൺ, ആഗസ്റ്റ് മാസങ്ങളിൽ അറബ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് കാമ്പയിൻ നടത്താനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ തീരുമാനം.