എടപ്പാൾ: ഡിഫ്‌തീരിയ ലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ ആറ് വയസുകാരൻ മരിച്ചു. മണ്ണാറുവളപ്പിൽ അബ്ദുൾ സത്താർ -മെഹറുബിൻ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാൻ ആണ് മരിച്ചത്. പനിയും തൊണ്ടവേദനയുമായി ഒമ്പതിന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടി പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്നും ഡിഫ്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ സ്രവ പരിശോധന റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും മലപ്പുറം ഡി.എം.ഒ കെ. സക്കീന പറഞ്ഞു. ഇതിന് രണ്ട് ദിവസമെടുക്കും. പ്രതിരോധ വാക്സിനിൽ പിന്നാക്കം പോയതോടെ ജില്ലയിൽ അടുത്തിടെ വലിയ തോതിൽ ഡിഫ്‌തീരിയ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വ്യാപകമായി വാക്സിനേഷൻ നടത്തിയെങ്കിലും പൂർണമായിട്ടില്ല.