സ്വന്തം ലേഖകൻ
മലപ്പുറം: പ്രകൃതിക്ഷോഭങ്ങൾ കർഷകരെ വൻനഷ്ടത്തിലേക്ക് തള്ളിയിടുമ്പോഴും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിള ഇൻഷ്വറൻസിൽ ജില്ലയിൽ നിന്നുള്ള കർഷകരുടെ പങ്കാളിത്തം നാമമാത്രം. കഴിഞ്ഞ വർഷം 8,028 പേർ പദ്ധതിയിൽ അംഗമായപ്പോൾ ഈ വർഷം ഇതുവരെ 1,103 പേരാണ് ചേർന്നിട്ടുള്ളത്.
വിള ഇൻഷ്വറൻസ് സംബന്ധിച്ച് കർഷകർക്കിടയിൽ വേണ്ട വിധം ബോധവത്കരണം നടത്താത്തതാണ് പ്രധാന വിലങ്ങുതടി. ഇതിനൊപ്പം നഷ്ടപരിഹാരം ലഭിക്കാനുള്ള കാത്തിരിപ്പും നഷ്ടക്കണക്ക് കൃഷി വകുപ്പിൽ നിന്ന് കൈമാറുന്നതിലുള്ള കാലതാമസവും കാരണമാണ്.
സംസ്ഥാന തലത്തിൽ മികച്ച പ്രതികരണമാണ് ഇൻഷ്വറൻസ് പദ്ധതിക്കു ള്ളത്. ജില്ലയ്ക്ക് ഏറെ പ്രയോജനപ്രദമാവാൻ സാദ്ധ്യതയുള്ള പദ്ധതി വേണ്ടത്ര പ്രയോജനപ്പെ ടുത്താൻ നടപടി വേണമെ ന്ന് ആവശ്യമുയരുന്നുണ്ട്. കൃഷി ഭവനുകൾ മുഖേനയുള്ള പ്രാഥമിക കണക്കെടുപ്പുകൾ പ്രകാരം ജില്ലയിൽ ഇത്തവണ വേനൽമഴയിൽ 8.27 കോടിയുടെയും വരൾച്ചയിൽ 1.89 കോടിയുടെയും നഷ്ടമുണ്ടായി.
ഇവ ഇൻഷ്വർ ചെയ്യാം
തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ, മരച്ചീനി, കൈതച്ചക്ക, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, കാപ്പി, കൊക്കോ, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പു, വെറ്റില, പയർ വർഗ്ഗങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, നെല്ല്, ചെറുധാന്യങ്ങൾ , മാവ് തുടങ്ങിയ 27 വിളകൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക.
വാഴക്കർഷകരെ രക്ഷിച്ചു
കഴിഞ്ഞ വർഷം വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തവരിൽ നല്ലൊരു പങ്കും വാഴക്കർഷകരായിരുന്നു. 3,600 കർഷകരുടെ 10.86 ലക്ഷം വാഴകളാണ് ഇൻഷ്വർ ചെയ്തത്. ഇതുവഴി 1.60 കോടി രൂപയാണ് നഷ്ട പരിഹാരമായി ലഭിച്ചത്. നേന്ത്രൻ കുലച്ചത്- 300 രൂപ, കുലയ്ക്കാത്തത് -150, ഞാലിപ്പൂവൻ കുലച്ചത് - 200, കുലയ്ക്കാത്തത് -100, മറ്റ് ഇനങ്ങൾ കുലച്ചത് -75, കുലയ്ക്കാത്തത് -50 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം ലഭിക്കുക. വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തതാണ് പലരെയും കടക്കെണിയിൽ നിന്ന് രക്ഷിച്ചത്.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
കൃഷിഭവനുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷയും നികുതി ശീട്ടിന്റെ പകർപ്പും ആധാർ കാർഡ് ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടും സഹിതം കർഷകർ നേരിട്ടെത്തിയാണ് വിള ഇൻഷ്വർ ചെയ്യേണ്ടത്.
ഒരു ഹെക്ടറിന് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ 2.60 ശതമാനമാണ് പരമാവധി പ്രീമിയമായി അടയ്ക്കേണ്ടി വരിക. വാഴയ്ക്ക് ഒന്നിന് മൂന്ന് രൂപയും തെങ്ങ് ഒന്നിന് മൂന്ന് വർഷത്തേക്ക് അഞ്ച് രൂപയുമാണ് പ്രീമിയം
പച്ചക്കറിക്ക് സെന്റിന് 10 രൂപയാണ് പ്രീമിയം. 25,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക.
രോഗങ്ങളും കീടങ്ങളും മൂലമുണ്ടാവുന്ന നഷ്ടങ്ങൾക്ക് ഇൻഷ്വറൻസ് ലഭിക്കില്ല.
ഒടിഞ്ഞു വീഴാറായതും നശിക്കാറായതുമായ വിളകളെ ഇൻഷ്വറൻസിൽ ചേർക്കില്ല. കൃഷിയിടത്തിലെ വിളകളെ ഭാഗികമായും ഇൻഷ്വറൻസിൽ ചേർക്കാനാവില്ല.