പെരിന്തൽമണ്ണ: നഗരമദ്ധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ്(27) ആണ് അറസ്റ്റിലായത്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസ്ഹാഖാണ് (37) കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം(27) അപകടനില തരണം ചെയ്തുവരുന്നു
സംഭവത്തിൽ നിഷാദ് അടക്കം അഞ്ചുപേരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടാമ്പി റോഡിൽ ചെറുകാട് കോർണറിൽ ഓട്ടോസ്റ്റാൻഡിന് മുന്നിൽ വച്ചാണ് സംഘർഷമുണ്ടായത്. ബാറിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിന്റെ അമർഷമാണ് നഗരമദ്ധ്യത്തിൽ ആക്രമണത്തിന്പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ബോധം തെളിഞ്ഞതോടെ ജാസിമിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി.ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യും. തുടർന്ന് കൂടുതൽ പേരെ പ്രതിചേർക്കും. സംഭവദിവസം പുലർച്ചയോടെ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പ്രതിയെ തിരിച്ചറിയൽ പരേഡിനും കൂടുതൽ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയിൽ വാങ്ങും. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.