മഞ്ചേരി : ഈ മഴക്കാലത്തും മഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്ക് കൊതുകുശല്യത്തിൽ നിന്ന് മുക്തിയില്ല. മാലിന്യ നിർമാർജ്ജനത്തിലും സംസ്കരണത്തിലും വന്ന അനാസ്ഥയാണ് കാരണം. പകർച്ചവ്യാധികൾ ജില്ലയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കുമ്പോഴും ഇതാണ് അവസ്ഥ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമൊന്നും കൊതുകുശല്യത്തിൽ നിന്ന് ഇത്തവണയും രക്ഷയില്ല. സന്ധ്യ മയങ്ങുന്നതോടെ ആശുപത്രി വാർഡുകളിൽ വലകളിട്ടും പുകത്തിരികൾ കത്തിച്ചുമൊക്കെയാണ് സാധരണക്കാരായ രോഗികളും പരിചരിക്കുന്നവരും കൊതുകുകളെ അകറ്റുന്നത്. വിഷയത്തിൽ വ്യാപക പരാതി ഉയർന്നിട്ടും പ്രശ്ന പരിഹാരത്തിനു നടപടിയായിട്ടില്ല. ആതുരാലയ പരിസരത്തെ വൃത്തിഹീനമായ അന്തരീക്ഷമാണ് കൊതുകു സാന്ദ്രത വർദ്ധിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടും ഇത്തവണയും മാറ്റമൊന്നുമുണ്ടായില്ല. കക്കൂസ് മാലിന്യങ്ങളടക്കം ആശുപത്രി പരിസരത്തെ ഓടകളിലേക്കാണെത്തുന്നത്.
കൊടും അനാസ്ഥ
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊതുകുശല്യം വർദ്ധിക്കുന്നതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നെങ്കിലും കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ല.
സെപ്ടിക് മാലിന്യങ്ങളും ഓപ്പറേഷൻ തീയേറ്ററുകളിൽ നിന്നുള്ള മാലിന്യങ്ങളും വരെ സംസ്കാരിക്കാതെ അഴുക്കുചാലിലേക്കു നേരിട്ടൊഴുക്കുന്നത് വിവാദമായിട്ടും ഇക്കാര്യത്തിൽ അധികൃതർ ഇടപെടുന്നില്ല.
ഡെങ്കിയടക്കമുള്ള പകർച്ച വ്യാധികൾ ഈ കാലവർഷക്കാലത്തും പടർന്നുപിടിക്കാൻ സാദ്ധ്യതയേറുമ്പോൾ ഗുരുതര വീഴ്ചയാണ് മെഡിക്കൽ കോളേജ് മാലിന്യ സംസ്ക്കരണത്തിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്നും നഗരസഭയുടെ ഭാഗത്തുനിന്നും തുടരുന്നത്.
രൂക്ഷമായ കൊതുകുശല്യമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഈ നില തുടർന്നാൽ ജനകീയ പ്രക്ഷോഭം ആരംഭിക്കും.
കേരളകോൺഗ്രസ് യൂത്ത് ഫ്രണ്ട് ഭാരവാഹികൾ