കൊണ്ടോട്ടി: ഹിന്ദുത്വ വർഗ്ഗീയതയെ ഉത്തേജിപ്പിച്ച് തീവ്രവലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിച്ചാണ് ബി.ജെ.പിയും ആർ.എസ്.എസും തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇതിൽ അവർ വിജയം കണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പറഞ്ഞു. കൊണ്ടോട്ടിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിനോടനുബന്ധിച്ച് നടന്ന ഇ.എം.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളവ്യാപകമായി തന്നെ ഒരു തീവ്ര വലതുപക്ഷ മുന്നേറ്റം നടക്കുന്നുണ്ട്. ഇസ്രായേലിലും ഫ്രാൻസിലും തുർക്കിയിലുമൊക്കെ നടന്ന തിരഞ്ഞെടുപ്പുകളിൽ തീവ്ര വലതുപക്ഷമാണ് ഭരണം പിടിച്ചടക്കിയത്. ബി.ജെ.പിയുടെ വിജയവും ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. വികസനരംഗത്ത് പരാജയപ്പെട്ട ബി.ജെ.പി പകരം തീവ്രവാദവും ദേശീയ സുരക്ഷയും ചർച്ചയാക്കി. ഇതിലവർ വിജയിച്ചു. ബി.ജെ.പിയുടെ ഈ അജൻഡയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇടതുപക്ഷത്തിന് ദേശീയതലത്തിൽ ബദൽ ശക്തിയാകാൻ കഴിയില്ലെന്ന ചിന്തയാണ് കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായത്. പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിച്ച് രാഷ്ട്രീയ സംവിധാനങ്ങൾ ശക്തിപ്പെടുത്തി സി.പി.എം മുന്നോട്ടുപോകും. എല്ലാ കാലത്തും തീവ്രവാദവും ഹിന്ദുത്വ രാഷ്ട്രീയവും പറഞ്ഞ് അധികാരം നേടാൻ ബി.ജെ.പിക്കാവില്ല. ആർ.എസ്.എസിന്റെ രാഷ്ട്രീയത്തിനെതിരെ ബദൽ ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് . ശക്തമായ ബഹുജന മുന്നേറ്റത്തിലൂടെ മാത്രമേ ഇതിന് തടയിടാനാവൂ. ദേശീയതലത്തിൽ ഇടതുപക്ഷത്തിനേറ്റത് കനത്ത തിരിച്ചടിയാണെന്ന വസ്തുത വിലയിരുത്തിവേണം ഇനി പ്രവർത്തിക്കാൻ. പരാജയത്തിന്റെ കാരണങ്ങൾ പഠിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുന്നതാണ് സി.പി.എമ്മിന്റെ രീതി. ശക്തമായ മതനിരപേക്ഷ പോരാട്ടത്തിന് ഇ.എം.എസ് കാണിച്ച വഴികളെ പാഠമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ ടി.കെ ഹംസ അദ്ധ്യക്ഷതവഹിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവൻ, പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, പി.പി വാസുദേവൻ, വി.പി. അനിൽ, വേലായുധൻ വള്ളിക്കുന്ന്, എൻ. പ്രമോദ് ദാസ്, വി.എം ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.