പൊന്നാനി: രൂക്ഷമായ കടലാക്രമണത്തെ പ്രതിരോധിക്കാൻ പൊന്നാനി തീരത്ത് കടൽഭിത്തിയില്ലാത്തതിനെതിരെ തീരദേശത്ത് രോഷം പുകയുന്നു. ഇത് സി.പി.എമ്മിനെയാണ് കടുത്ത സമ്മർദ്ദത്തിലാക്കുന്നത്. പൊന്നാനി നഗരസഭ ഭരണവും എം.എൽ.എയും സംസ്ഥാന ഭരണവും അനുകൂലമായുണ്ടായിട്ടും പ്രശ്നപരിഹാരമില്ലാത്തത് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു.
കടുത്ത അതൃപ്തിയിലാണ് തീരദേശ മേഖലയിലെ പാർട്ടി പ്രദേശിക നേതൃത്വം . തീരദേശത്തു നിന്നുള്ള നഗരസഭ, പഞ്ചായത്ത് അംഗങ്ങൾ രാജി ഭീഷണി മുഴക്കുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി.
കഴിഞ്ഞ നാല് തവണയായി പൊന്നാനിയിൽ നിന്നുള്ള നിയമസഭ അംഗം സി.പി. എം പ്രതിനിധിയാണ്. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ പതിറ്റാണ്ടുകളായി മുടക്കമില്ലാതെ തുടരുമ്പോഴും വാഗ്ദാനങ്ങൾ മാത്രമാണ് ജനങ്ങൾക്ക് ലഭിച്ചത്. പാലപ്പെട്ടി അജ്മീർ നഗറിലും പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തും ഇത്തവണ കടൽഭിത്തി നിർമ്മിച്ചതിനാൽ ഈ മേഖല സുരക്ഷിതമായിരുന്നു. മറ്റിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ജനരോഷത്തിന്റെ ചൂടറിഞ്ഞത്.
വലിയ നാശനഷ്ടമുണ്ടായ മുറിഞ്ഞഴി മേഖലയിലെ നഗരസഭ കൗൺസിലർ രാജിഭീഷണി മുഴക്കിയത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചു. തീരദേശ മേഖലയിലെ മറ്റു കൗൺസിലർമാരും രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ പൊന്നാനി എം.എൽ.എ കൂടിയായ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും അടിയന്തര പരിഹാരത്തിന് പണം അനുവദിക്കുകയും ചെയ്തു. ഒമ്പത് തീരദേശ ജില്ലകളിൽ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 22.5 കോടിയാണ് അനുവദിച്ചത്. പൊന്നാനിയും ലിസ്റ്റിലുണ്ട്. എത്രയുംവേഗം കടൽഭിത്തിയുടെ എസ്റ്റിമേറ്റെടുത്ത് പ്രവൃത്തി തുടങ്ങാനും യോഗത്തിൽ തീരുമാനമായി.
ജനരോഷത്തിര
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കടലാക്രണം പതിവാണെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്.
കഴിഞ്ഞ ഭരണത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പൊന്നാനി മേഖലയിൽ പൂർണ്ണമായി കടൽഭിത്തി നിർമ്മിക്കാൻ 10കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും തീരത്തെത്തിയില്ല. ഇപ്പോഴത്തെ ഭരണത്തിലും നടപടികളുണ്ടാവുന്നില്ല.
കടലാക്രമണത്തെ ശാശ്വതമായി പ്രതിരോധിക്കാൻ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പഠനത്തിന്റെ ഫലം വന്ന ശേഷമേ ഫണ്ട് അനുവദിക്കൂവെന്ന നിലപാടാണ് പുതിയ സർക്കാർ സ്വീകരിച്ചത്.എന്നാലിത് അനന്തമായി നീണ്ടതോടെ കടലാക്രമണം എല്ലാ വർഷവും നേരിടേണ്ട സ്ഥിതിയുണ്ടാക്കി.
കടൽഭിത്തി നിർമ്മാണം ശാസ്ത്രീയമായി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുയരുമെന്ന മുന്നറിയിപ്പാണ് സി.പി.എം ജനപ്രതിനിധികളുടെ രാജി ഭീഷണിയിലൂടെലഭിക്കുന്നത്.
വിവിധ വകുപ്പുകളുടെ ജില്ലാ തലവൻമാരെ ഉൾപ്പെടുത്തി കളക്ടർമാരുടെ നേതൃത്വത്തിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കമ്മിറ്റി രൂപവത്കരിക്കാനും യോഗത്തിൽ തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി മേൽനോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപവത്കരിക്കും.
നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ സ്പീക്കർ കടലാക്രമണ പ്രദേശങ്ങളിലെത്തി തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മന്ത്രിസഭ യോഗം പ്രഖ്യാപിച്ച പദ്ധതി മുന്നിൽ വച്ചാണ് പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സി.പി.എം ശ്രമിക്കുന്നത്.
ശക്തമായ കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ കടൽഭിത്തി നിർമ്മാണം എങ്ങിനെ നടക്കുന്ന മറുചോദ്യം തീരമേഖലയിൽ നിന്നുയരുന്നുണ്ട്.