മലപ്പുറം: പൊന്നാനി താലൂക്കിൽ കടലാക്രമണത്തിൽ 12 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. പൊന്നാനി, പെരുമ്പടപ്പ്, വെളിയങ്കോട് പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. 99 വീടുകൾ ഭാഗികമായും തകർന്നു. പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്. തീരത്തെ നൂറുകണക്കിന് തെങ്ങുകളും കടലെടുത്തു. രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന അടിയന്തര സാഹചര്യത്തിൽ താലൂക്കിൽ കടൽഭിത്തി നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ചേംബറിൽ നടന്ന അടിയന്തര യോഗത്തിലാണ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കടൽഭിത്തി നിർമ്മാണം കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതിരുന്നത്. ടെൻഡർ നടപടി പൂർത്തിയായ അഴീക്കൽ ലൈറ്റ് ഹൗസ് പ്രദേശം മുതലാണ് കടൽഭിത്തി നിർമ്മിക്കുന്നത്. വീടുകൾ നഷ്ടപ്പെടുന്ന മേഖലയിൽ കല്ലിട്ട് ഫ്ളഡ് ബണ്ടുകൾ നിർമ്മിച്ച് സംരക്ഷണം ഒരുക്കും. കടലാക്രമണ ഭീഷണി നേരിടുന്നവർക്കായി ക്യാമ്പുകളും താലൂക്കിൽ ഒരുക്കിയിട്ടുണ്ട്. പൊന്നാനി ആനപ്പടി എ.എൽ.പി സ്കൂൾ, പാലപ്പെട്ടി ഫിഷറീസ് യു.പി സ്കൂൾ, വെളിയങ്കോട് ആനകത്ത് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. എന്നാൽ നിലവിൽ ആരും തന്നെ ക്യാമ്പിലേക്ക് മാറിയിട്ടില്ല. ബന്ധുവീടുകളിലേക്ക് മാറുകയാണ് ചെയ്തിരിക്കുന്നത്.