മലപ്പുറം: പേ വിഷബാധയ്ക്കെതിരായ ആന്റി റാബീസ് വാക്സിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാക്കിയിട്ടും ചികിത്സ തേടുന്നതിലെ അജ്ഞതമൂലം രണ്ട് വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 14 പേർക്ക്. ജനുവരി മുതൽ ഇതുവരെ അഞ്ച് പേർ മരിച്ചു. ഗുരുതരമായ കടിയേറ്റവർക്കുള്ള സെറം താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ ലഭ്യമാണ്. പേവിഷ ബാധയ്ക്കെതിരെ ആരോഗ്യ പ്രവർത്തകർ വീടുകൾ തോറും ബോധവത്കരണം നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴാണിത്.
കേരളത്തിൽ 90 ശതമാനം പേവിഷബാധയും തെരുവുനായകളുടെ കടിയേറ്റാണ്. ഇവ കടിക്കുകയോ മാന്തുകയോ ചെയ്താൽ യഥാസമയം പേവിഷബാധയ്ക്കെതിരായ വാക്സിനെടുക്കാതെ നിസാരമാക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. മുറിവുള്ള ഭാഗങ്ങളിൽ പേവിഷബാധയേറ്റ നായ നക്കിയാലും ഉമിനീർ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ പതിച്ചാലും രോഗബാധയേൽക്കാം. തുടക്കത്തിൽ പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട ശേഷമായിരിക്കും ചികിത്സ തേടാറുള്ളത്. വൈറസ് ബാധ തലച്ചോറിനേറ്റാൽ മരണം ഉറപ്പാണ്. കടിയേൽക്കുന്ന ശരീര ഭാഗമനുസരിച്ച് ചികിത്സയും വേഗത്തിൽ തേടണം. മുഖത്തെങ്കിൽ വൈറസ് വേഗത്തിൽ തലച്ചോറിലെത്താൻ സാദ്ധ്യതയുണ്ട്. കടിയേറ്റ ഭാഗം വൃത്തിയായി സോപ്പ് ഉപയോഗിച്ച് നന്നായി കഴുകിയും മുറിവ് ആഴത്തിലെങ്കിൽ വൃത്തിയുള്ള തുണിയെടുത്ത് കെട്ടിയും തുടർചികിത്സ തേടണം. മുറിവ് ചെറുതെങ്കിൽ നാല് ദിവസം കൈയ്ക്ക് വാക്സിനേഷനെടുത്താൽ മാത്രം മതിയെന്നും ഡോക്ടർമാർ പറയുന്നു.