കെ.വി. നദീർ പൊന്നാനി: 'സാറ് പറയ്...ഞങ്ങൾ എന്താ ചെയ്യേണ്ടത്. എത്ര കാലമായി ഇങ്ങിനെ സഹിക്കാൻ തുടങ്ങിയിട്ട്. ഞങ്ങൾ മത്സ്യത്തൊഴിലാളികളായതോണ്ടാണോ ഇങ്ങിനെ.' രൂക്ഷമായ കടലാക്രമണത്തിൽ കനത്ത നാശനഷ്ടം നേരിട്ട പൊന്നാനി തീരദേശത്തെത്തിയ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനോട് ദുരിതബാധിതർ പറഞ്ഞ വാക്കുകളാണിത്. കടുത്ത അമർഷവും സങ്കടവും തീരദേശവാസികളുടെ വാക്കുകളിൽ പ്രകടമായി. പൊന്നാനി അഴീക്കലിൽ നിന്നാണ് സ്പീക്കറുടെ സന്ദർശനം തുടങ്ങിയത്. സ്പീക്കർക്ക് മുന്നിൽ ദുരിതബാധിതർ പരാതികളുടെ കെട്ടഴിച്ചു. വീടും സ്ഥലവും കടലെടുത്തതോടെ ജീവിതം വഴിമുട്ടിയതിന്റെ സങ്കടം സ്ത്രീകൾ കണ്ണീരൊഴുക്കി പറഞ്ഞു. എല്ലാ കടലാക്രമണകാലത്തും പറഞ്ഞു പോകുന്ന വാഗ്ദാനങ്ങൾ തങ്ങൾക്ക് കേൾക്കേണ്ടെന്ന് ചിലർ കടുത്ത സ്വരത്തിൽ അറിയിച്ചു. വോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന പഴയ രീതി ഇനി പറ്റില്ലെന്ന് അണപൊട്ടിയ അമർഷത്തിൽ ചിലർ തുറന്നടിച്ചു. എല്ലാം സൗമ്യമായി കേട്ടു നിന്ന സ്പീക്കർ ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് ദുരിതബാധിതരെ ചേർത്തു പിടിച്ച് പറഞ്ഞു. അഴീക്കൽ, മരക്കടവ്, മുറിഞ്ഞഴി, പുതുപൊന്നാനി മുനമ്പം ജാറം, വെളിയങ്കോട് തണ്ണിത്തുറ എന്നിവിടങ്ങളിൽ സ്പീക്കർ സന്ദർശനം നടത്തി. കടലാക്രമണം കൂടുതൽ നാശം വിതച്ച മുറിഞ്ഞഴിയിലെ ഒട്ടുമിക്ക വീടുകളിലും കയറിയ സ്പീക്കർ വീട്ടുകാരെ ആശ്വസിപ്പിച്ചു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് സ്പീക്കർ പറഞ്ഞു. പൊന്നാനി തീരദേശത്ത് കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്നവരെ ഒരു വർഷത്തിനകം ശാശ്വതമായി പുനരധിവസിപ്പിക്കും. പുതിയ ഭവന പദ്ധതികളുമായി ബന്ധപ്പെടുത്തിയാണ് പുനരധിവസിപ്പിക്കുക. കടലാക്രമണ ഭീഷണി നേരിടുന്നവർക്ക് ശാശ്വതമായ പുനരധിവാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തിൽ കടൽഭിത്തി നിർമ്മാണം പെട്ടെന്ന് പൂർത്തിയാക്കും. അദ്ദേഹം പറഞ്ഞു. പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്. തീരത്തെ നൂറുകണക്കിന് തെങ്ങുകളും കടലെടുത്തു. സ്പീക്കറോടൊപ്പം ജില്ലാ കളക്ടർ അമിത് മീണ, പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ, മറ്റു ജനപ്രതിധിനികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു.