പൊന്നാനി: തീരദേശ മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൊന്നാനി ഫിഷർമെൻ കോളനിയുടെ പുനരുദ്ധാരണത്തിന് പുതിയ വഴികൾ തുറക്കുന്നു. നിർമ്മാണം പൂർത്തീകരിച്ചതു മുതൽ ഉപയോഗശൂന്യമായി കിടക്കുന്ന ഫിഷർമെൻ കോളനിയിലെ 120 വീടുകൾ സ്വകാര്യ കമ്പനിയുടെ സഹായത്തോടെ വിപുലീകരിക്കാനാണ് ധാരണയായിരിക്കുന്നത്. മാങ്ങാട്ട് ഫൗണ്ടേഷൻ അവരുടെ കോർപ്പറേറ്റ് സോഷ്യൽ ഫണ്ടിൽ നിന്ന് 120 വീടുകളുടെ വിപുലീകരണത്തിനുള്ള പണം നൽകും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇടപെടലിന്റെ ഭാഗമായാണ് ഫിഷർമെൻ കോളനി താമസ യോഗ്യമാക്കുന്നതിന് പുതിയ വഴികൾ തുറന്നിരിക്കുന്നത്.
രൂപ രേഖ ഡി.എം.ആർ.സിയുടേത്
ഡി എം ആർ സി തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് വീടുകളുടെ വിപുലീകരണം നടത്തുക.
ഒരു വീടിന്റെ പുനരുദ്ധാരണത്തിന് നാല് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
കോളനിയുടെ പൂർണ്ണമായി ജനവാസ യോഗ്യമാക്കുന്നതിന്ന് അഞ്ചരകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും തുക നൽകാനുള്ള സന്നദ്ധത മാങ്ങാട്ട് ഫൗണ്ടേഷൻ ഉടമകൾ നിയമസഭ സ്പീക്കറെ അറിയിച്ചിട്ടുണ്ട്.
ഫൗണ്ടേഷന് കീഴിലെ എഞ്ചിനിയർമാരും മറ്റു അധികൃതരും അടുത്ത ദിവസം കോളനി സന്ദർശിക്കും.
അസൗകര്യങ്ങൾ നിറഞ്ഞതും ബലക്ഷയം നേരിടുന്നതുമായ കോളനിയിലെ മുഴുവൻ വീടുകളും പൊളിച്ചുമാറ്റി പുതിയ ഭവന പദ്ധതി നടപ്പാക്കാൻ പൊന്നാനി നഗരസഭ ആലോചന നടത്തിയിരുന്നു. എന്നാൽ ഇതുണ്ടാക്കുന്ന നിയമകുരുക്കുകയും രാഷ്ട്രീയ വിവാദങ്ങളും മുന്നിൽ കണ്ട് പൊളിച്ചുമാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിക്കുമേൽ വിജിലൻസ് കേസ് നിലനിൽക്കുന്ന പൊളിച്ചുമാറ്റിയുള്ള നിർമ്മാണങ്ങൾക്ക് തടസ്സമാണ്. സർക്കാർ ഇതര ഫണ്ട് ഉപയോഗിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ തടസ്സവാദങ്ങൾക്കും കാലതാമസത്തിനും ഇടയാക്കില്ല.
വീടുണ്ട്, കയറികിടക്കാൻ പറ്റില്ല
കേന്ദ്ര സർക്കാർ പദ്ധതിയായ ഐ ഡി എസ് എം ടി പ്രകാരം പത്ത് വർഷം മുൻപാണ് അഞ്ചേക്കർ സ്ഥലത്ത് ഫിഷർമെൻ കോളനിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.ഉത്തരേന്ത്യൻ മാതൃകയിൽ നിർമ്മിച്ച വീടുകൾ കേരളത്തിലെ തീരദേശത്തിന്റെ സാഹചര്യങ്ങൾക്ക് പറ്റുന്നതായിരുന്നില്ല. അസൗകര്യങ്ങൾ നിറഞ്ഞ വീടുകളിലേക്ക് ഗുണഭോക്താക്കളായി തെരഞ്ഞെടുത്ത ആരും താമസം മാറ്റാൻ തയ്യാറായില്ല. വീടുകൾ വെറുതെ കിടന്ന് നശിക്കാൻ തുടങ്ങിയതോടെ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനും പൊന്നാനി നഗരസഭയും ചേർന്ന് പുനരുദ്ധാരണ പദ്ധതിക്ക് രൂപം നൽകി. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഡി എം ആർ സി വിശദമായ പദ്ധതി രേഖ തയാറാക്കി. ഒരു വീടിന് നാല് ലക്ഷം രൂപയോളം ചിലവ് വരുന്ന ഡി പി ആർ സർക്കാറിന് സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
120 വീടുകളിലേക്ക് 90 ഗുണഭോക്താക്കൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഇവരുടെ പേരിൽ വീടുകൾ ഉള്ളതിനാൽ മറ്റു പദ്ധതികൾ പ്രകാരം ഭവന ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണ്.
കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചതെങ്കിലും തികഞ്ഞ അനാസ്ഥയാണ് കോളനിയുടെ നിർമ്മാണ കാര്യത്തിലുണ്ടായത്.നിരവധി മാർഗ്ഗങ്ങൾ വീടുകളുടെ പുനരുദ്ധാരണത്തിനായി തേടിയെങ്കിലും ഫലം കണ്ടില്ല. പൊന്നാനി ഫിഷിംഗ് ഹാർബറിലെ ഭവന സമുച്ചയത്തോടൊപ്പം ഫിഷർമെൻ കോളനിയിലെ പുതിയ പദ്ധതി കൂടി യാഥാർത്ഥ്യമായാൽ പൊന്നാനി തീരദേശത്തെ പുനരധിവാസം സമ്പൂർണ്ണതയിലെത്തും.