മലപ്പുറം: കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകൾക്ക് ദൃശ്യവൽക്കരണം ആവശ്യമാണെന്നും മാപ്പിളപ്പാട്ടുകളുടെ ദൃശ്യാവിഷ്കാരത്തിന് വൈദ്യർ അക്കാദമി നേതൃത്വം നൽകണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ആവശ്യപ്പെട്ടു. കേൾക്കുമ്പോൾ തന്നെ കേൾക്കുന്നതിന്റെ ദൃശ്യങ്ങൾ കാണുന്നതിനും ആസ്വാദകർക്ക് താല്പര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിലെ മുപ്പതിനിയിരത്തോളം വരുന്ന മാപ്പിളപ്പാട്ട് ശേഖരമായ മ്യൂസിക്കൽ ആർകൈവ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യർ അക്കാദമിയിലെ വിവിധ ഗാലറികളിലും മ്യൂസിയത്തിലും വായനശാലയിലും ഓഫീസിലും ഉൾപ്പടെ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് ബോക്സുകളിലൂടെ പകൽ സമയങ്ങളിൽ ആസ്വാദകർക്ക് പാട്ടുകൾ കേൾക്കാം. പഴയകാല ഗ്രാമഫോണുകളിലും കാസറ്റുകളിലും ഉണ്ടായിരുന്ന ഗാനങ്ങളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി വൈദ്യർ അക്കാദമി ശേഖരിച്ചത്. ഉദ്ഘാടന ചടങ്ങിൽ അക്കാദമി ചെയർമാൻ ടി.കെ.ഹംസ അധ്യക്ഷനായി. സെക്രട്ടറി റസാഖ് പയമ്പറോട്ട്, വി.ശശികുമാർ, പക്കർ പന്നൂർ തുടങ്ങിയവർ സംസാരിച്ചു.