എടപ്പാൾ: ചങ്ങരംകുളം ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചുറ്റുമതിൽ ഒരുങ്ങുന്നത് വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങൾ. ഓരോ രാജ്യങ്ങളുടേയും കലയും സംസ്കാരവും ആചാരവും ലിപികളും ഉൾപ്പെടുത്തിയാണ് ചുമർചിത്ര കലാകാരനും ആർട്ട് ഡയറക്ടറായ അഭി ചാലിശ്ശേരി എന്ന കലാകാരന്റെ കലാവിരുതിലൂടെ സ്കൂൾ ചുറ്റുമതിലിൽ സംസ്കാര ചിത്രങ്ങൾ വിരിയുന്നത്.
ഇന്ത്യൻ, ഈജിപ്ത്, ജപ്പാൾ, റോമൻ, അറേബ്യൻ തുടങ്ങിയ രാജ്യങ്ങളുടെ കലാ സംസ്കാര ചിത്രങ്ങളാണ് തയ്യാർ ചെയ്തിരിക്കുന്നത്. വി.ടി ബൽറാം എം.എൽ.എ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടക്കുന്ന സ്കൂൾ നവീകരണ പ്രവർത്തിയുടെ ഭാഗമായി നിർമ്മിക്കുന്ന ചുറ്റുമതിലിലാണ് പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ചിത്രങ്ങൾ കൊത്തിയെടുക്കുന്നത്. പത്ത് ദിവസത്തോളം സമയമാണ് സ്കൂൾ പ്രിൻസിപ്പാൾ ഇതിനായി അനുവദിച്ചിരുന്നതെന്നതിനാൽ തന്നെ എട്ടോളം സഹപ്രവർത്തകരേയും ഉൾകൊളളിച്ചാണ് പണി നടന്ന് കൊണ്ടിരിക്കുന്നത്. അടുത്ത ദിവസം തന്നെ ചിത്രങ്ങൾക്ക് നിറം പൂശുന്ന പ്രവർത്തി പൂർത്തിയാകുന്നതോടെ കേരളത്തിൽ തന്നെ ഏറ്റവും മനോഹരമായ ചുമർ ചിത്രങ്ങൾ കൊത്തിയെടുത്ത സ്കൂൾ ചുറ്റുമതിലായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
ചുമർ ചിത്ര കലാ രംഗത്തും സിനിമ കലാരംഗത്തും ത്രീഡി ആർട്ട് രംഗത്തും ശ്രദ്ധേയനായ അഭി ചാലിശ്ശേരി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് അതിനാൽ തന്നെയാണ് അദ്ദേഹത്തെ തന്നെ പൂർവ്വവിദ്യാർത്ഥികളും പ്രിൻസിപ്പാൾ ഈ ചുമതല ഏൽപ്പിച്ചതും. താൻ പഠിച്ച സ്കൂളിൽ ഇത്തരം ചിത്രങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് അഭി ചാലിശ്ശേരി പറഞ്ഞു.