കൊണ്ടോട്ടി: വികസനത്തിന് നാടിന്റെയും ജനങ്ങളുടെയും പങ്കാളിത്തം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൊറയൂരിൽ ഇ.എം.എസ് ദേശീയ സെമിനാറിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പല മേഖലകളിൽ നാം വികസിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ നാട് സർവ്വ മേഖലയിലും വികസനമാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലുമൊരു പ്രദേശമോ ജനവിഭാഗമോ വികസിക്കലല്ല.സാമൂ ഹിക നീതിയിൽ അധിഷ്ഠിതമായ വികസനത്തിനാണ് സർക്കാർ മുൻകൈയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇ.എം.എസ് സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ അതേപോലെ നടപ്പാക്കാനുള്ള ശ്രമമാണ് ഇടതുസർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്.
അധ്വാനവും ധനവും സംഭാവന ചെയ്ത് നല്ല രീതിയിൽ പ്രാവർത്തികമാക്കാൻ ഇ.എം.എസിന്റെ കാലഘട്ടത്തിൽ കഴിഞ്ഞു. ഭൂപരിഷ്കരണ നിയമമാണ് കേരളത്തെ ഇന്നുകാണുന്ന രീതിയിൽ വളർത്തിയത്. ജനകീയാസൂത്രണത്തിന്റെ ഉപജ്ഞാതാവ് ഇ.എം.എസ്. തന്നെയായിരുന്നു. മാലിന്യ സംസ്കരണ കേന്ദ്രം എന്നു കേൾക്കുമ്പോഴേ നാറ്റം അനുഭവപ്പെടുന്ന സ്ഥിതി മാറണം. കൃഷി സംസ്കാരമായി മാറ്റാൻ കഴിഞ്ഞു.170000-ലേറെ കുട്ടികൾ ഈ വർഷം സർക്കാർ സ്കൂളുകളിൽ പുതുതായി ചേർന്നു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറാനുള്ള ശ്രമത്തിലാണ്. വ്യവസായ സംരഭകർക്ക് ട്രേഡ് യൂണിയനുകളുടെ പരാതിയില്ല. നോക്കുകൂലി പോലുള്ള പ്രശ്നങ്ങൾ പൂർണമായും ഇല്ലാതാക്കാനായി. ഏഴ് നിയമങ്ങളും എട്ട് ചട്ടങ്ങളും ഭേദഗതി വരുത്തി.അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ അനുമതി നൽകിയില്ലെങ്കിലും അനുമതി കിട്ടിയതായി കണക്കാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ടി.കെ. ഹംസ,എൻ. രാജൻ സംസാരിച്ചു.സെമിനാർ ഇന്ന് സമാപിക്കും.