താനൂർ: കടൽക്ഷോഭം രൂക്ഷമായ തീരദേശ മേഖലകളിൽ താൽക്കാലിക കടൽഭിത്തി നിർമിക്കാൻ തീരുമാനം. താനൂർ, തിരൂർ നഗരസഭാ പരിധിയിൽ വരുന്ന തീരദേശ മേഖലകളിൽ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സംരക്ഷിക്കുന്ന തരത്തിൽ ഒരാഴ്ച്ചക്കകം താൽക്കാലിക കടൽ ഭിത്തി നിർമിക്കാനാണ് തീരുമാനമെന്ന് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചീനിയർ അലക്സ് വർഗ്ഗീസ് പറഞ്ഞു.
കടൽക്ഷോഭം രൂക്ഷമായ താനൂർ എടക്കടപ്പുറം, ചീരാൻകടപ്പുറം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് അലക്സ് വർഗ്ഗീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേ മേഖലകളിൽ ഡിസംബറോടെ സ്ഥിരം തടയണ നിർമിക്കാനുള്ള പ്രവൃത്തി തുടങ്ങുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി. താനൂർ എടക്കടപ്പുറം, ചീരാൻകടപ്പുറം എന്നിവിടങ്ങളിൽ കടൽക്ഷോഭം അതിരൂക്ഷമാണ്. അതിനാൽ പ്രദേശത്തെ മൂന്ന് മത്സ്യത്തൊഴിലാളി ഭവനങ്ങൾ സുരക്ഷാഭീഷണിയിലാണ്. ഈയൊരു സാഹചര്യത്തിലാണ് വീടുകൾ സംരക്ഷിക്കാനായി താൽക്കാലിക കടൽഭിത്തി അടിയന്തരമായി സ്ഥാപിക്കുന്നത്. കടൽക്ഷോഭം കാരണം മത്സ്യത്തൊഴിലാളികൾക്ക് നാശനഷ്ടങ്ങളില്ലാതിരിക്കാൻ മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം.