മഞ്ചേരി: ഭാരത തനിമയും സംസ്കാരവും നിലനിർത്തി രാഷ്ട്രാനുകൂല ചിന്തകളെ കാലാനുസൃതമായി വളർത്തേണ്ടതുണ്ടെന്നും വിവേകാനന്ദനെപ്പോലുള്ള ഋഷിതുല്യരാണ് സംസ്കാരത്തിന്റെ യഥാർത്ഥ പ്രതിനിധികളെന്നും ഭാരതീയ വിചാര കേന്ദ്രം ജോ. ഡയറക്ടർ ആർ.സഞ്ജയൻ പറഞ്ഞു. തേഞ്ഞിപ്പലത്ത് ജൂലായ് 13, 14 തിയതികളിൽ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറുപതുകളിലും എഴുപതുകളിലും അക്കാദമിക മേഖലയിൽ ചില ശക്തികൾ നടത്തിയ ഇടപെടലുകളാണ് ഇന്ന് നാം കാണുന്ന പല വിപത്തിനും കാരണം. അതുകൊണ്ടുതന്നെ സർഗ്ഗാത്മക പ്രവൃത്തിയോടൊപ്പം ആശയ പ്രതിരോധവും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ്, സംസ്ഥാന സമിതി അംഗം ശ്രീധരൻ പുതുമന, പാലക്കാട് മേഖലാ സംഘടനാ സെക്രട്ടറി രാമചന്ദ്രൻ പാണ്ടിക്കാട്, അഡ്വ.എൻ.അരവിന്ദൻ, പി.പുരുഷോത്തമൻ, എം.പി.കൃഷ്ണാനന്ദൻ എന്നിവർ സംസാരിച്ചു.