മലപ്പുറം: അയൽസംസ്ഥാനങ്ങളിൽ ട്രോളിംഗ് അവസാനിച്ചതോടെ ജില്ലയിൽ മീൻവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 300 രൂപ വരെയെത്തിയ മത്തിക്ക് ഇന്നലെ മലപ്പുറം മത്സ്യമാർക്കറ്റിൽ 200 രൂപയായി കുറഞ്ഞു. അയലയ്ക്ക് 250 മുതൽ 280 രൂപ വരെയാണ്. അതേസമയം വലിയ മീനുകളുടെ വിലയിൽ കാര്യമായ മാറ്റമില്ല. വരുംദിവസങ്ങളിൽ മീൻവിലയിൽ മാറ്റങ്ങളുണ്ടാവുമെന്ന് കച്ചവടക്കാർ പറയുന്നു.
തമിഴ്നാട്ടിൽ മൂന്ന് ദിവസം മുമ്പ് ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യമെത്താൻ തുടങ്ങിയതാണ് വിപണിയിൽ വില കുറയാൻ കാരണം. വില വലിയതോതിൽ കൂടിയതോടെ ഹോട്ടലുകളുടെ മെനുവിൽ നിന്നും മീൻ അപ്രത്യക്ഷമായിരുന്നു.
തമിഴ്നാട്ടിലെ കടലൂരിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മത്തിയെത്തുന്നത്. കടലൂർ മത്തിക്ക് രുചി കൂടുതലായതിനാൽ ആവശ്യക്കാരേറെയാണ്. കേരളത്തിൽ മത്തിയുടെ ലഭ്യത കുറഞ്ഞപ്പോൾ തമിഴ്നാട്ടിൽ കാര്യമായ കുറവുണ്ടായിട്ടില്ല. വരുംദിവസങ്ങളിൽ കടലൂരിൽ നിന്ന് മത്തിയെത്തുന്നതോടെ വിലയിൽ വലിയ കുറവുണ്ടാവുമെന്ന് കച്ചവടക്കാർ പറയുന്നു. വലിപ്പക്കൂടുതലുള്ള ഒമാൻ മത്തി കിലോയ്ക്ക് 200 രൂപയ്ക്ക് നേരത്തെ തന്നെ ലഭ്യമായിരുന്നെങ്കിലും രുചിക്കുറവ് മൂലം ആവശ്യക്കാർ കുറവാണ്. കഴിഞ്ഞ മാസം മത്തിക്ക് കിലോയ്ക്ക് 150 രൂപയായിരുന്നു.
അവയ്ക്കും വിലകൂടി
ട്രോളിംഗ് നിരോധനത്തിനൊപ്പം കടൽ പ്രക്ഷുബ്ധമായതോടെ സാധാരണ വള്ളങ്ങൾക്കും കടലിൽ പോവാൻ കഴിയാതിരുന്നതാണ് ചെറുമത്സ്യങ്ങളുടെ വലിയ വിലക്കയറ്റത്തിനിടയാക്കിയത്.
കടൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വളർത്ത് മത്സ്യങ്ങൾക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ഇതോടെ 120 രുപയ്ക്ക് ലഭിച്ചിരുന്ന കട്ല, തിലോപ്പിയ എന്നിവയുടെ വില 200ലെത്തി.
ജൂൺ ഒമ്പതിന് തുടങ്ങിയ ട്രോളിംഗ് ജൂലായ് 31ന് ആണ് അവസാനിക്കുക.
400 -700
രൂപ വരെയാണ് പുഴമീനിന് കിലോയ്ക്ക് വില