മഞ്ചേരി: കൊൽക്കത്തയിൽ ആശുപത്രിക്കും ഡോക്ടർക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കു സമരം ജില്ലയിൽ പൂർണ്ണം. സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. സർക്കാർ ആശുപത്രികളിൽ രാവിലെ 10നു ശേഷമാണ് ഒ.പി പ്രവർത്തിച്ചത്. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടില്ല.ഐ.എം.എ. ആഹ്വാനം ചെയ്ത സമരത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ, കെ.ജി.എസ്.ഡി.എ എന്നിവർ പങ്കെടുത്തു. സ്പെഷ്യാലിറ്റി ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, ജൂനിയർ ഡോക്ടർമാർ തുടങ്ങിയവരെല്ലാം പങ്കെടുത്തു.കുറച്ചു സമയം ചികിത്സ മുടങ്ങിയതൊഴിച്ചാൽ സർക്കാർ ആശുപത്രികളിൽ ഒ.പി പതിവുപോലെത്തന്നെ പ്രവർത്തിച്ചു. ഒ.പിക്കു മുന്നിൽ രോഗികളുടെ നല്ല തിരക്കനുഭവപ്പെട്ടു. സ്വകാര്യ ആശുപത്രികളിൽ ഒ.പി പാടെ സ്തംഭിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ സമരം ബാധിച്ചില്ല. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരെത്തി. കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ആശുപത്രികളിലെത്തിയത്. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ഉണ്ടായില്ല. സമരത്തിൽ പങ്കെടുത്ത ഡോക്ടർമാർ മഞ്ചേരി മെഡിക്കൽ കോളേജിനു മുന്നിൽ പ്രതിഷേധിച്ചു. ഐ.എം.എ മുൻ ദേശീയ ചെയർമാൻ ഡോ. വി.യു. സീതി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജലാൽ അദ്ധ്യക്ഷനായി. മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശശി, വൈസ് പ്രിൻസിപ്പൽ ഡോ. സിറിയക് ജോബ്, ഡോക്ടർമാരായ ഷാജു തോമസ്, ഫെബിൻ, രാജേഷ്, രാമകൃഷ്ണൻ, മുരളീധരൻ, ഷഹബാസ്, അംബുജം തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ : ഗവ. ആശുപത്രിയിൽ ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ നടത്തിയ ധർണ്ണ ബ്രാഞ്ച് പ്രസിഡന്റ് ഡോ.കെ.എ. സീതി ഉദ്ഘാടനംചെയ്തു. കെ.ജി.എം.ഒ.എ നേതാവ് ഡോ.ഉസ്മാൻകുട്ടി, ഡോ.ജയകൃഷ്ണൻ, ഡോ.നിലാർ എന്നിവർ പ്രസംഗിച്ചു.ഐ.എം.എ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.എ. സീതി, ഡോ.വി.യു. സീതി തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രസംഗിച്ചു.
വിവിധ സർവീസ്, സ്പെഷ്യാലിറ്റി സംഘടനകളുടെ പ്രതിനിധികൾപങ്കെടുത്തു.