മലപ്പുറം: ഏറനാട് താലൂക്ക് ഓഫീസ് അധികൃതരുടെ പിഴവിനെ തുടർന്ന് മലപ്പുറം വനിതാ കോളേജിന് ഭൂമി കൈമാറുന്ന നടപടികൾ വീണ്ടും നീളുന്നു. പാണക്കാട്ടെ ഇൻകെൽ എജ്യൂ സിറ്റിയിലെ അഞ്ചേക്കർ ഭൂമി റവന്യു വകുപ്പിന് അനുവദിച്ചുള്ള കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുടെ സമ്മതപത്രം തുടർനടപടികൾക്കായി പെരിന്തൽമണ്ണ സബ് കളക്ടർക്ക് കൈമാറുന്നതിലെ വീഴ്ച്ചയാണ് ഇതിനു കാരണം.
ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമുള്ള അപേക്ഷ മലപ്പുറം ജില്ലാ കളക്ടർ തുടർനടപടികൾക്കായി പെരിന്തൽമണ്ണ സബ് കളക്ടർക്ക് കൈമാറിയിരുന്നു. പരിശോധനയിൽ കെ.എസ്.ഐ.ഡി.സി എം.ഡിയുടെ സമ്മതപത്രമില്ലെന്ന് കണ്ടതോടെ ഇതുൾപ്പെടുത്താൻ ആവശ്യപ്പെട്ട് സബ് കളക്ടർ ഫയൽ മടക്കി. സമ്മതപത്രം നേരത്തെ തന്നെ ലഭിച്ചതാണെന്നിരിക്കെ അധികൃതരുടെ അലംഭാവത്തിലെ അതൃപ്തി പി. ഉബൈദുള്ള എം.എൽ.എ തഹസിൽദാറെ അറിയിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് ഭൂമി കൈമാറ്റ പ്രവർത്തനങ്ങൾ നീണ്ടത്. നടപടിക്രമങ്ങൾ മിക്കതും പൂർത്തീകരിച്ചതിനാൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം ഭൂമി റവന്യൂ വകുപ്പിന് കൈമാറുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനുശേഷം ഉന്നതവിദ്യാഭ്യാസ വകുപ്പിന് സ്ഥലം കൈമാറേണ്ടതുണ്ട്. കെട്ടിട നിർമ്മാണത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് 10 കോടിയും പി. ഉബൈദുള്ള എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് നാല് കോടിയുമടക്കം14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭൂമി കൈമാറുന്ന മുറയ്ക്ക് നിർമ്മാണ പ്രവൃത്തികളും വേഗത്തിലാക്കാമെന്ന കണക്കുകൂട്ടലാണ് താലൂക്ക് ഓഫീസ് അധികൃതരുടെ അശ്രദ്ധയിൽ തകിടം മറിഞ്ഞത്.
എല്ലാം പാളി
കഴിഞ്ഞ ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ എം.എൽ.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കോളേജ് പ്രിൻസിപ്പൽ, പി.ടി.എ എന്നിവരുടെ യോഗം കാമ്പസ് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു.
ഭൂമി ലഭിക്കുന്നതോടെ തുടക്കത്തിൽ എം.എൽ.എ ഫണ്ടുപയോഗിച്ചും തുടർന്ന് കിഫ്ബി ഫണ്ട് ഉൾപ്പെടുത്തിയും വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു പദ്ധതി.
നിലവിൽ മുണ്ടുപറമ്പിലെ സ്വകാര്യ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
കെട്ടിടമില്ലാത്തതിനാൽ ലാബ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ യഥാവിധി ഒരുക്കാനായിട്ടില്ല.
400 കുട്ടികളാണ് നിലവിൽ വനിതാകോളേജിൽ പഠിക്കുന്നത്.