മലപ്പുറം: പതിവ് സാങ്കേതിക സേവനങ്ങൾക്കുപരിയായി, പൊതുസമൂഹത്തിന് അടിസ്ഥാന ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന അക്ഷയ ലൈവ് എന്ന വെബ്സൈറ്റുമായി അക്ഷയ ജില്ലാ പ്രൊജക്ട് വിഭാഗം വരുന്നു.
വിൽപ്പനയ്ക്കുള്ള സ്ഥലത്തിന്റെ വിവരങ്ങൾ, ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാനുള്ള വിവരങ്ങൾ, ഇലക്ട്രോണിക്സ്, ഫർണ്ണിച്ചർ, വാടക വീട്, സേവനങ്ങളുടെ വിവരങ്ങൾ, വിവാഹ പരസ്യങ്ങൾ, ജോലി സാദ്ധ്യതകൾ, മൊബൈൽസ്, ഓട്ടോ, ടാക്സി, ടൂറിസം പാക്കേജുകൾ, കൃഷി തുടങ്ങി വാങ്ങാനും വിൽക്കാനുമുള്ള വിവരങ്ങളും മറ്റു പൊതു സേവനങ്ങളും അക്ഷയ ലൈവിൽ പോസ്റ്റ് ചെയ്യാം. ബന്ധപ്പെട്ടവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഈ പ്ലാറ്റ്ഫോമിൽ ലഭിക്കും. ഏതൊരാൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ ഇതിൽ പരസ്യം ചേർക്കാം.
ആദ്യ ഘട്ടത്തിൽ www.akshayalive.in എന്ന വെബ്സൈറ്റിൽ ഈ സൗകര്യം ലഭ്യമാകും. പിന്നീട് ഇതിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാകും. അക്ഷയ ലൈവിന്റെ ഉദ്ഘാടനം 22ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിൽ ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിക്കും.പദ്ധതിപിന്നീട് സംസ്ഥാനാടിസ്ഥാനത്തിൽ വ്യാപിപ്പിക്കും
അക്ഷയ - ഒരു ഫ്ളാഷ് ബാക്ക്
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആശയമായി കമ്പ്യൂട്ടർ സാക്ഷരത നൽകാൻ ആരംഭിച്ച അക്ഷയ വിജയകരമായതോടെ സംസ്ഥാനത്തുടനീളം വ്യാപകമാക്കി.
പിന്നീട് പൊതുജന സേവനത്തിനായുള്ള ഔദ്യോഗിക സംവിധാനമായി അക്ഷയ മാറി.
സർക്കാർ നൽകുന്ന വിവിധ രേഖകളും വിവരങ്ങളും സർട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രം വഴിയാക്കി.
ആധാർ കാർഡ്, റവന്യൂ സർട്ടിഫിക്കറ്റുകൾ, ഇ ഡിസ്ട്രിക്ട് പദ്ധതി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സേവനങ്ങൾ അക്ഷയ കേന്ദ്രം വഴിയായി.
2002 നവംബർ 18 ന് അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമാണ് അക്ഷയ നാടിനു സമർപ്പിച്ചത്.
ജില്ലയിൽ താഴേത്തട്ടിലുള്ള എല്ലാവിധ പരസ്യങ്ങളും കുടിൽ വ്യവസായം മുതൽ എല്ലാതരം വിവരങ്ങളും നൽകാൻ സാധിക്കുമെന്നതാണ് അക്ഷയ ലൈവിന്റെ പ്രത്യേകത
മെവിൻ വർഗീസ്, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ