പൊന്നാനി: കടലാക്രമണത്തെ പ്രതിരോധിക്കാൻ കടൽഭിത്തിക്ക് പകരം പൊന്നാനി തീരത്ത് ഇറിഗേഷൻ വകുപ്പ് പരീക്ഷിക്കുന്ന ജിയോ ടെക്സ്റ്റൈൽ ട്യൂബ് പദ്ധതിക്ക് 2.81 കോടി രൂപയുടെ ഭരണാനുമതിയായി.
പുതുപൊന്നാനി മുതൽ പൊന്നാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കുക.
കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കടൽഭിത്തിക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴയിലെ നീർക്കുന്നം തീരദേശ മേഖലയിൽ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. 20 മീറ്റർ നീളവും മൂന്ന് മീറ്റർ വിസ്തീർണ്ണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക. രണ്ടു ട്യൂബിന് മുകളിൽ ഒരു ട്യൂബ് എന്ന നിലയിൽ ക്രമീകരിക്കും. ട്യൂബുകൾക്കകത്ത് മണൽ നിറയ്ക്കും. 4.4 മീറ്റർ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. തിരമാലകൾ ട്യൂബിൽ പതിക്കുമ്പോൾ ശക്തി കുറയുകയും തിരമാലകൾക്കൊപ്പമുള്ള മണൽ തീരത്തേക്ക് കയറാതെ ട്യൂബ് തടഞ്ഞു നിറുത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറയ്ക്കുന്നതിനാൽ തീരത്തു നിന്ന് മണൽ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനാവും.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി പൊന്നാനിയിൽ നടപ്പാക്കുന്നത്. കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന മുറിഞ്ഞഴി, അബൂഹുറൈറ പള്ളി, തെക്കേകടവ്, ഹിളർ പള്ളി, അലിയാർ പള്ളി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കുക. നിലവിലുള്ള കടൽഭിത്തിക്ക് പിന്നിലായിട്ടായിരിക്കും ട്യൂബുകൾ സ്ഥാപിക്കുക.
കടൽഭിത്തി നിർമ്മാണത്തേക്കാൾ ചെലവ് കുറവും ഗുണകരവുമായ പദ്ധതിയാണിതെന്ന അവകാശ വാദമാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.
20 വർഷത്തെ കാലദൈർഘ്യം ട്യൂബുകൾക്കുണ്ടാകുമെന്ന് അധികൃതർ പറയുന്നു
100 മീറ്റർ കടൽ ഭിത്തി നിർമ്മിക്കാൻ ഒന്നരക്കോടി രൂപ വേണ്ടിടത്ത് ജിയോ ടെക്സ്റ്റൈൽ ട്യൂബ് സ്ഥാപിക്കാൻ 55 ലക്ഷം രൂപയാണ് വേണ്ടി വരിക.
അഞ്ച് കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ട്യൂബ് വിജയകരമാണെങ്കിൽ പൊന്നാനി തീരത്ത് മുഴുവനായും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.