എടക്കര: വന്യമൃഗശല്യം മൂലം നിലമ്പൂർ മേഖലയിൽ കൃഷി ഉപേക്ഷിച്ചത് നൂറു കണക്കിന് കർഷകർ.പ്രശ്നപരിഹാരത്തിന് അധികാരികളുടെ ഭാഗത്തുനിന്നും നടപടികളില്ലാത്തതാണ് കാരണം. വന്യമൃഗശല്യം മൂലം കൃഷി നഷ്ടമായി കടക്കെണിയിലായവരാണ് കൃഷി ഉപേക്ഷിക്കുന്നത്.
മൂത്തേടം, അമരമ്പലം, കരുവാരക്കുണ്ട്, ചോക്കാട്, പോത്തുകൽ, വഴിക്കടവ്, കരുളായി, ചാലിയാർ പഞ്ചായത്തുകളിലാണ് കാട്ടാനശല്യം അതിരൂക്ഷം. ശനിയാഴ്ച്ച മൂത്തേടത്ത് പി.വി.അൻവർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ അസം മോഡൽ ഫെൻസിംഗ് നിർമ്മിക്കുമെന്ന് അറിയിച്ചിരുന്നു, ചെലവ് അധികമായതിനാൽ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുക പ്രയാസകരമാവും. കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഇടപെടാൻ നിയോഗിച്ച വനം ദ്രുത കർമ്മ സേനയിൽ ആവശ്യത്തിന് വാഹനമോ ജീവനക്കാരോ ഇല്ല. കാട്ടാനകളെ നേരിടാൻ റബർ ബുള്ളറ്റുകൾ മാത്രമാണുള്ളത്, നിലമ്പൂർ ടൗണിൽ വരെ കാട്ടാനകളുടെ സാന്നിദ്ധ്യം ഉണ്ടായി.
കാട്ടുപന്നികളുടെ ശല്യവും അതിരൂക്ഷമാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല, കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കാട്ടുപന്നികളെ വെടിവയ്ക്കാൻ നിയമം കൊണ്ടുവന്നെങ്കിലും അതിലെ നിയമ തടസങ്ങളും വ്യവസ്ഥകളും മൂലം കർഷകർക്ക് ഗുണം ചെയ്തില്ല, വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം ഇനിയും കൂടാനാണിട.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ മേഖലയിൽ നടന്നെങ്കിലും നടപടികളുണ്ടായിട്ടില്ല.