പൊന്നാനി: ഓഖി തിരമാലകൾ നടുവൊടിച്ച പൊന്നാനി മുറിഞ്ഞഴി പ്രദേശത്ത് ഇത്തവണ കടലിന്റെ സംഹാരഭാവം കൂടി പ്രകടമായത് മേഖലയെ ദുരന്ത സമാനമാക്കി. ഓഖിയിൽ പാതി തകർന്നതും ബലക്ഷയം നേരിട്ടതുമായ വീടുകൾ ഇത്തവണ നിലംപൊത്തി.12 വീടുകൾ തകർന്നു. 99 വീടുകൾ വാസയോഗ്യമല്ലാത്ത വിധം തകർച്ച നേരിട്ടു. ഓഖിക്ക് ശേഷം തീരത്ത് യാതൊരു മുൻകരുതലും സ്വീകരിക്കാതിരുന്നതാണ് കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കടലാക്രമണം തീരത്തെ വിഴുങ്ങാൻ കാരണം. ഓഖി കിളച്ചു മറിച്ച അതേ അവസ്ഥയിൽ തന്നെയാണ് മുറിഞ്ഞഴി തീരമുള്ളത്. രണ്ട് കിലോമീറ്ററോളം ഭാഗത്ത് കടൽഭിത്തിയില്ല. നേരിയ കടലേറ്റം പോലും വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്നു. 12 കുടുംബങ്ങൾക്ക് വീട് മാത്രമല്ല നഷ്ടപ്പെട്ടിരിക്കുന്നത്. അവരുടെ ഭൂമി പൂർണ്ണമായും കടലെടുത്തു. തെരുവിലിറക്കപ്പെട്ട അവസ്ഥയിലാണ് അവരുള്ളത്. ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ടെങ്കിലും അതെത്ര കാലമെന്നത് ദുരിതബാധിതരിൽ ഇരുൾ പടർത്തുന്നു.ഓഖി ദുരിതത്തിനിരയായവരുടെ പുനരധിവാസ കാര്യത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് സോഷ്യൽ ഓഡിറ്റിംഗ് ഉണ്ടാകാതെ പോയതാണ് ഒന്നര വർഷത്തിനിപ്പുറവും വാടകവീടുകളെ ആശ്രയിക്കേണ്ടതിലേക്ക് ദുരിതബാധിതരെ എത്തിച്ചത്. പൊന്നാനിയുടെ തീരദേശത്ത് വീട് നഷ്ടപ്പെട്ടവരിൽ പത്ത് കുടുംബങ്ങൾ ഇനിയും സർക്കാർ സഹായം കൈപ്പറ്റാത്തവരായുണ്ട്. അനുയോജ്യമായ ഭൂമി ലഭിക്കാത്തതാണ് ഇതിനു കാരണം. ഭൂമിയുടെ വിലയും സർക്കാർ ഫണ്ടും ഒത്തു പോകാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ ദുരിതബാധിതർക്കു കൂടി സ്വീകാര്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്. സർക്കാർ ഉത്തരവുകളെ യാന്ത്രികമായി കാണുന്ന ഉദ്യോഗസ്ഥ നടപടികളാണ് ദുരിതബാധിതർക്ക് സഹായം ലഭ്യമാകുന്നതിന് തടസ്സമാകുന്നത്.കടലാക്രമണ കാലത്ത് മാത്രം തീരദേശത്തിന്റെ പ്രശ്നങ്ങൾ ഓർക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. എല്ലാ വർഷവും സംഭവിക്കുന്ന ദുരിതമെന്നത് മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ടവർ തികഞ്ഞ പരാജയമാണ്. ദുരന്തഭൂമിയിൽ അടിയന്തരമായി സ്വീകരിക്കേണ്ട കാര്യങ്ങൾ തീരദേശത്തേക്ക് വൈകി എത്താറാണ് പതിവ്. കടലാക്രമണം നേരിട്ട ആദ്യ ദിവസങ്ങളിൽ ഭക്ഷണവും കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യവും ലഭ്യമാകാറില്ല. സന്നദ്ധ സംഘടനകളാണ് സഹായവുമായി എത്താറുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാറുണ്ടെങ്കിലും ആരും പോകാറില്ല. ദുരിതപൂർണ്ണമായ പഴയ അനുഭവങ്ങളാണ് ക്യാമ്പുകളെ കൈയൊഴിയാൻ ദുരിതബാധിതരെ പ്രേരിപ്പിക്കുന്നത്.
കടലെടുത്ത
സ്വപ്നങ്ങൾ
മുപ്പത്തിയഞ്ച് കൊല്ലം ഞാനും എന്റെ കുടുംബവും ജീവിച്ച വീടാണിത്. ഇന്നിപ്പോൾ ഇതേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം കടലെടുത്തു. ഏതാനും മുളങ്കുറ്റികൾ കൈയിലെടുത്ത് പിക്കിന്റെ കോയ തന്റെ ദുരിതങ്ങളെ കുറിച്ച് പറയുമ്പോൾ മുഖത്ത് സങ്കടക്കടൽ. വീടിന്റെ തറയുടെ അവശിഷ്ടങ്ങൾ ശേഷിപ്പായുണ്ട്. 35 സെന്റ് സ്ഥലമുണ്ടായിരുന്നിടത്ത് അവശേഷിക്കുന്നത് ആറ് സെന്റ് മാത്രം. പൊന്നാനി ഹിളർ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്താണ് വീടുണ്ടായിരുന്നത്. സ്വന്തം വീടിന്റെ ശേഷിപ്പ് കാണാൻ കോയ ഒട്ടുമിക്ക ദിവസങ്ങളിലും അവിടെയെത്തും.ഉമ്മയും മക്കളും പേരമക്കളുമായി സംതൃപ്ത ജീവിതം നയിച്ചിരുന്ന കോയയുടെ കുടുംബത്തിലേക്ക് 2017 ഡിസംബർ 20നാണ് ഉയർന്നുപൊങ്ങി വന്ന തിരമാലകൾ ഇരുൾ പടർത്തിയത്. ഒപ്പം ആഞ്ഞടിച്ചെത്തിയ ചുഴലിക്കാറ്റ് ഏഴംഗ കുടുംബത്തെ തെരുവിലിറക്കി. കഴിഞ്ഞ ഒന്നര വർഷമായി വാടക വീട്ടിലാണുള്ളത്. പ്രതിമാസം 6000 രൂപ വാടകയായി നൽകാൻ നെട്ടോട്ടമോടണം. ഓഖി ദുരിതബാധിതർക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങാനും വീടും വയ്ക്കാനും പത്ത് ലക്ഷം രൂപ നൽകുന്ന പദ്ധതിയിൽ കോയ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ തുകയ്ക്ക് അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടില്ല. ചതുപ്പുനിലങ്ങളും വെള്ളക്കുണ്ടുകളും മാത്രമാണ് സർക്കാർ അനുവദിച്ച തുകയ്ക്ക് ലഭിക്കുക. ഇങ്ങിനെയുള്ള സ്ഥലം മണ്ണിട്ട് നികത്താൻ വലിയ തുക വേണം. അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ സർക്കാർ ഫണ്ട് കൈപ്പറ്റിയിട്ടില്ല. കൂടുതലായുള്ള തുക കൈയിൽ നിന്നെടുക്കാനില്ലാത്തതിനാൽ സർക്കാർ ഫണ്ടിനൊത്ത അനുയോജ്യമായ സ്ഥലത്തിനായുള്ള കാത്തിരിപ്പിലാണ് കോയയും കുടുംബവും.