പെരിന്തൽമണ്ണ: ഓൺലൈൻ ചാറ്റിംഗിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ. തൃശൂർ മുള്ളൂർക്കര കാഞ്ഞിരക്കുഴി അനഫിയെയാണ് (21) പെരിന്തൽമണ്ണ പൊലീസ് പോക്സോ വകുപ്പുകൾ ചേർത്ത് അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടി എട്ടുമാസത്തോളമായി യുവാവുമായി പരിചയത്തിലായിരുന്നു. 14ന് കൂട്ടുകാരിയുടെ മാതാവിന് സുഖമില്ലാത്തതിനാൽ രക്തം കൊടുക്കണമെന്ന് അനഫി പെൺകുട്ടിയോടു പറഞ്ഞു. 15ന് രാവിലെ 7.45ന് ചെറുകരയിലെത്തി തീവണ്ടിയിൽ വാടാനാംകുർശ്ശിയിൽ ഇറങ്ങി. തുടർന്ന് ബൈക്കിൽ വാൽപ്പാറയിലെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിച്ച ശേഷം തിരികെയെത്തി. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരികെയെത്തിയ പെൺകുട്ടിയെ വീട്ടുകാർ തന്നെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചതായും കണ്ടെത്തി. തുടർന്നാണ് കൊളത്തൂർ എസ്.ഐ ആർ. മധു, പെരിന്തൽമണ്ണ എസ്.ഐ. മഞ്ജിത്ത് ലാൽ, വനിതാ സി.പി.ഒ. ജയമണി എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.