മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യപിതാവിന്റെ പേരിൽ ചീങ്കണ്ണിപ്പാറയിലുള്ള വിവാദ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പുതുതായി ചുമതലയേറ്റ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. ഹൈക്കോടതി പൊളിക്കാൻ പറഞ്ഞാൽ പൊളിക്കേണ്ടിവരും.
ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കും. വേണ്ടിവന്നാൽ തടയണ കെട്ടിയ സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കളക്ടർ.
15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാണ് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നൽകിയ നിർദ്ദേശം . ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ഭിന്നശേഷിക്കാർക്ക്
പ്രത്യേക പദ്ധതി
ഭിന്നശേഷിക്കാർ ഏറ്റവും കൂടുതലുള്ള ജില്ലയെന്ന നിലയിൽ ഇവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരിക്കെ ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പാക്കിയതിന്റെ അനുഭവ സമ്പത്ത് തുണയ്ക്കും.
വാക്സിനേഷനിൽ
മുന്നേറും
മറ്റ് പല മേഖലകളിലും ജില്ല മാതൃകയാവുമ്പോൾ വാക്സിനേഷനിൽ പിറകിലാണ്. ചെറിയ കുട്ടികളിൽ 94 ശതമാനത്തിന് മുകളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. നേരത്തെ കുത്തിവയ്പ്പെടുക്കാത്തവരെ ലക്ഷ്യമിട്ട് ഏത് പ്രായത്തിലും നൽകാവുന്ന വാക്സിനേഷൻ വിദ്യാലയങ്ങൾ, കോളേജുകൾ മുഖേന നൽകാൻ പദ്ധതിയുണ്ട്. ബോധവത്ക്കരണത്തിലൂടെ തെറ്റിദ്ധാരണ മാറ്റാനും സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ തിരുത്താനും സാധിക്കും.
മാവോയിസം തടയും
ആദിവാസികൾക്കിടയിൽ മാവോയിസ്റ്റുകൾ സ്വാധീനമുറപ്പിക്കുന്നത് തടയാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കും. സർക്കാർ സംവിധാനങ്ങളുടെ പോരായ്മയിൽ അവകാശങ്ങൾ ലഭിക്കാത്തതാണോ, അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ മാവോയിസ്റ്റുകൾ ആദിവാസികൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കും. മറ്റ് ജില്ലകളിലേക്ക് കടക്കാനുള്ള താവളമായാണ് ജില്ലയെ മാവോയിസ്റ്റുകൾ കാണുന്നത്. ജില്ല കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏറെ കുറഞ്ഞിട്ടുണ്ട്. മലപ്പുറം കളക്ട്രേറ്റിൽ ചീഫ് സെക്രട്ടറി ഇന്ന് വിളിച്ചുചേർത്ത യോഗത്തിൽ ഇവയെല്ലാം ചർച്ചയാവും. ആദിവാസി മേഖലകളിലെ പ്രളയപുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മറുപടിയായി കളക്ടർ പറഞ്ഞു.
മലപ്പുറം പരിചിതം
പെരിന്തൽമണ്ണയിൽ രണ്ടുവർഷം അസിസ്റ്റന്റ് കളക്ടറായിരുന്നതിനാൽ മലപ്പുറത്തെ ജനങ്ങളും ഉദ്യോഗസ്ഥരും പരിചിതരാണ്. ഇതിനാൽ ചുമതലയേറ്റ ദിവസം തന്നെ ജോലികളിൽ വ്യാപൃതനാവാനായി. ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പിന്തുണ കിട്ടുന്ന ജില്ലയാണ് മലപ്പുറമെന്നാണ് തന്റെ അനുഭവം.
ടൂറിസം വികസിക്കണം
ടൂറിസം രംഗത്തും ജില്ലയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. അതിന്റെ സാദ്ധ്യതകൾ തേടും. കുടുംബവുമെത്ത് സായാഹ്നങ്ങൾ ചെലവഴിക്കാൻ പറ്റിയ കേന്ദ്രങ്ങൾ ജില്ലയിൽ കുറവാണ്. കോട്ടക്കുന്നിൽ ആരംഭിക്കാൻ പോകുന്ന കോൺക്രീറ്റ് നിർമ്മാണ പ്രവർത്തനത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. കാര്യങ്ങൾ പഠിച്ച ശേഷം പ്രതികരിക്കാമെന്നും കളക്ടർ പറഞ്ഞു